കോതമംഗലം: വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ കോതമംഗലം വിദ്യാഭ്യാസ ജില്ല സംബന്ധിച്ച കാര്യങ്ങളറിയാൻ ഔദ്യോഗിക വെബ്സൈറ്റായ ഡിഇഒ കോതമംഗലം ഡോട്ട് ഇൻ സന്ദർശിച്ചാൽ ഞെട്ടും. കാരണം ഈ വെബ്സൈറ്റ് തുറക്കുന്പോൾ ചെന്നെത്തുന്നത് അശ്ലീല വെബ്സൈറ്റിലേക്കാണ്. ഈ വെബ്സൈറ്റ് ഇപ്പോൾ ജർമനിയിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്ന് അറിയുന്നു.
വെബ്സൈറ്റിൽ ഒരവകാശവും കോതമംഗലം വിദ്യാഭ്യാസ വകുപ്പിനോ വിദ്യാഭ്യാസ ജില്ലയ്ക്കോ ഇല്ല. വെബ്സൈറ്റിന്റെ ഡോമൈൻ അവകാശം മേയ് ആദ്യം പ്രൊവൈഡർ, മറ്റൊരാൾക്ക് മറിച്ചുവിറ്റിരുന്നു. വിദ്യാഭ്യാസവകുപ്പ് വാർഷിക വരിസംഖ്യ അടയ്ക്കാതെവന്നതാണ് ഇതിനു കാരണം. ഇപ്പോഴത്തെ അവകാശിയാണ് അശ്ലീല സൈറ്റിലേക്ക് ലിങ്ക് നൽകി വെബ്സൈറ്റ് പഴയ പേരിൽതന്നെ നിലനിർത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്.
ഒരു മാസം മുന്പ് സംഭവം വിദ്യാഭ്യാസ ജില്ലാ അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്നുതന്നെ ഡിഇഒ കോതമംഗലം എന്ന വെബ്സൈറ്റ് അഡ്രസ് മറ്റാർക്കും ലഭിക്കാത്തവിധം ബ്ലോക്ക് ചെയ്യുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസ് സൈബർ സെല്ലിന് പരാതി നൽകിയിരുന്നതായും ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതായും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.