കോതമംഗലം: നെല്ലിക്കുഴി ഇളബ്രയിൽ ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം. ഫർണിച്ചറുകളും നിർമാണത്തിനായി സൂക്ഷിച്ചിരുന്ന മര ഉരുപ്പടികളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. തീ ആളിപ്പടരുന്നത് കണ്ട് തൊഴിലാളികൾ ഇറങ്ങിയോടിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെ 2.45 ഓടെയാണ് സംഭവം. നെല്ലിക്കുഴി പാണാട്ടിൽ പി.എ അലിയാരുടെ ഉടമസ്ഥതയിൽ ഇളബ്രയിലുള്ള റോയൽ ഫർണിച്ചർ യൂണിറ്റിനാണ് തീ പിടിച്ചത്.
ഏകദേശം പതിനായിരത്തോളം സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഫർണിച്ചർ കടയാണ് അഗ്നിക്കിരയായത്. ഫർണിച്ചർ കടയുടെ പല ഭാഗത്ത് ഒരേ സമയം തീ ആളിപ്പടരുകയായിരുന്നു. കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നി രക്ഷാസേനയുടെ നാല് യൂണിറ്റുകളെത്തി മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
തീപിടിത്തം അറിഞ്ഞ ഉടൻ കോതമംഗലത്തുനിന്ന് അഗ്നിരക്ഷാ സംഘം എത്തിയെങ്കിലും തീ കൂടുതൽ വ്യാപിച്ചതോടെ മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ സേനയുടെ സഹായം തേടുകയായിരുന്നു. കോട്ടപ്പടി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പുലർച്ചെ ആറോടെയാണ് പൂർണമായും തീയണയ് ക്കാനായത്. പത്ത് ടാങ്കറോളം വെള്ളം പമ്പ്ചെയ്യേണ്ടതായി വന്നു. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന മരം ഉരുപ്പടികളും ഫർണിച്ചറുകളും, നിർമാണത്തിനുള്ള യന്ത്രസാമഗ്രികളും കത്തിനശിച്ചു.
തീ ആളിപ്പടരുന്നത് കണ്ട് തൊഴിലാളികൾ പുറത്തേക്ക് ഓടുകയായിരുന്നു. ലക്ഷങ്ങളുടെ നാശം ഉണ്ടായിട്ടുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ. നാശനഷ്ടം കൃത്യമായി കണക്കാക്കുന്നതേയുള്ളു. രാത്രിയിൽ പെയ്ത മഴയ്ക്കൊപ്പം ശക്തമായ മിന്നലും ഉണ്ടായിരുന്നു.
ഇതേ തുടർന്നുണ്ടായ ഷോട്ട് സർക്യുട്ടാണോ അഗ്നിബാധക്കിടയാക്കിയതെന്നും പരിശോധിച്ച് വരുന്നുണ്ട്. കോതമംഗലം അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജി മാത്യു, ലീഡിംഗ് ഫയർമാൻ ബി.സി. ജോഷി, ഫയർമാൻമാരായ കെ.എ. ഷംസുദീൻ, ഡി. ബിബിൻ, എ.എസ്. നജീബ്, ഫയർമാൻ ഡ്രൈവർ എസ്. അനിൽകുമാർ, ഹോംഗാർഡ് ഇ.എൻ. ദിവാകരൻ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.