കോതമംഗലം: വയോധിക ദന്പതികളെ തലയ്ക്കടിച്ചു ബോധംകെടുത്തി വൻകവർച്ച. അയിരൂർപ്പാടം പള്ളിക്കവലയ്ക്ക് സമീപം ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം.മുഖംമൂടി ധരിച്ച കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ തലയ്ക്കു സാരമായി പരിക്കേറ്റ അറയ്ക്കൽ യാക്കോബ് (70), ഭാര്യ ഏലിയാമ്മ(65) എന്നിവർ കോതമംഗലം എംബിഎംഎസ് ആശുപത്രിയിൽ ചികിൽസയിലാണ്.
രാത്രി വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിപ്പൊളിക്കുന്ന ശബ്ദം കേട്ട് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു ചെന്ന് നോക്കിയ ഏലിയാമ്മയെ കവർച്ചാ സംഘം തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ബോധംകെട്ട് തറയിൽ വീണ ഏലിയാമ്മയുടെ കാലും കൈയും ബന്ധിച്ചു.തുടർന്ന് യാക്കോബിനെ മർദ്ദിച്ച് മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച.
ഏലിയാമ്മയുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ്ണമാലയും കവർച്ചാ സംഘം അപഹരിച്ചിട്ടുണ്ട്. തലയിലേറ്റ മുറിവിൽ നിന്നും രക്തം വാർന്നൊലിച്ച് കിടന്ന ഏലിയാമ്മയ്ക്ക് പുലർച്ചയോടെ ബോധം വീണ്ടു കിട്ടിയപ്പോഴേക്കും വീട് കൊള്ളയടിച്ച് കവർച്ചാ സംഘം രക്ഷപ്പെട്ടിരുന്നു. കാലും കൈയും ബന്ധിച്ചിട്ടിരുന്ന ഏലിയാമ്മ തറയിലൂടെ വലിഞ്ഞ് ഇഴഞ്ഞെത്തി മുറിയിൽ പൂട്ടിയിട്ടിരുന്ന ഭർത്താവിനെ മോചിപ്പിച്ച ശേഷം ബന്ധുക്കളെയും അയൽ വാസികളെയും വിവരം അറിയിക്കുകയായിരുന്നു.
പുലർച്ചെ സംഭവമറിഞ്ഞെത്തിയവരാണ് ഏലിയാമ്മയെയും യാക്കോബിനെയും ആശുപത്രിയിലെത്തിച്ചത്. ഇവരുടെ മകൻ ഷൈബുവും കുടുംബവും കാനഡയിലാണ്. മകൾ ഷീബ ഭർതൃ വീട്ടിലുമാണ്. ഏലിയാമ്മയും യാക്കോബും മാത്രമാണ് റബർതോട്ടത്തിനു നടുവിലുള്ള വീട്ടിൽ താമസിക്കുന്നത്. സംഭവമറിഞ്ഞ് കോതമംഗലം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
വീട്ടിലെ അലമാരകളും മേശയും മറ്റും പൊളിച്ച് വലിച്ച് വാരിയിട്ട നിലയാണ്. എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വീട്ടുകാർ ആശുപത്രിവിട്ട് തിരിച്ചെത്തിയാലെ അറിയാൻ കഴിയൂ. മുഖം മൂടി വച്ച രണ്ട് പേർ ചേർന്നാണ് ആക്രമിച്ചതെന്ന് ഏലിയാമ്മ പോലീസിൽ മൊഴി നൽകി. ഉന്നത പോലീസ് സംഘവും ഫോറൻസിക് വിദഗ്ധരും ഉച്ചയോടെ സ്ഥലത്തെത്തും. ശക്തമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.