കോട്ടയം: കോട്ടയം മാർക്കറ്റിലോ നഗരത്തിലോ കോവിഡ് വ്യാപനമില്ലെന്ന് കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ. ചില വാട്സ് ആപ്പ് സന്ദേശങ്ങളിലൂടെ കോട്ടയത്ത് രോഗവ്യാപനമുണ്ടെന്ന് വരുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനെതിരേ എല്ലാവരും ജാഗ്രത പാലിക്കണം.
പല സ്ഥലങ്ങളിലും രോഗവ്യാപനമുണ്ടായപ്പോൾ മാർക്കറ്റുമായി ബന്ധപ്പെട്ട എല്ലാ ഭാഗങ്ങളിലും മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആന്റിജൻ ടെസറ്റ് നടത്തി രോഗവ്യാപനമില്ലെന്ന് ഉറപ്പാക്കിയതാണ്. നാഗന്പടം വെസ്റ്റ്, ഈസ്റ്റ് സ്ഥലങ്ങളിലും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോവിഡ് ടെസ്റ്റ് പൂർത്തിയാക്കിയതാണ്.
ഈ സ്ഥലങ്ങളിലെയെല്ലാം, വ്യാപാരികൾ, സ്ഥാപനങ്ങളിലെ ജീവനക്കാർ, കയറ്റിയിറക്ക് തൊഴിലാളികൾ, വാഹനങ്ങളുടെ ഡ്രൈവർമാർ എന്നിങ്ങനെ എല്ലാ മേഖലയിലുള്ളവരെയും പരിശോധനക്ക് വിധേയരാക്കിയതാണ്.
രോഗമില്ലെന്ന് ഉറപ്പാക്കിയതിനാലാണ് കോട്ടയം നഗരത്തിലെ എല്ലാ സ്ഥലങ്ങളിലുമുള്ള വ്യാപാര സ്ഥപനങ്ങൾ രാത്രി ഒന്പതു വരെ തുറന്ന് പ്രവർത്തിക്കുന്നതിന് അധികാരികൾ അനുവാദം നൽകിയത്.
കോട്ടയം മാർക്കറ്റിലേക്ക് വരുന്ന ചരക്ക് ലോറികൾ കോടിമത എംജി റോഡിൽ അസോസിയേഷൻ സ്ഥാപിച്ചിരിക്കുന്ന ഹെൽപ്പ് ഡെസ്കിൽ അണു നശീകരണം നടത്തിയാണ് മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കുന്നത്.
കോടിമത മാർക്കറ്റ് മുതൽ ചന്തക്കവല വരെയുള്ള വിവിധ സ്ഥങ്ങളിൽ ഉച്ചഭാഷിണിയിലൂടെ കോവിഡിനെ കുറിച്ച് എല്ലാ സമയങ്ങളിലും കോട്ടയം മർച്ച്ന്റ്സ് അസോസിയേഷൻ ഓഫീസിൽ നിന്നും എല്ലാ വിഭാഗം ആളുകൾക്കുമായി ബോധവത്കരണ അനൗണ്സ്മെൻറ് നടത്തുന്നു.
നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും സർക്കാർ നൽകിയിരിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നു കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.