മട്ടന്നൂർ: കീഴല്ലൂർ പഞ്ചായത്തിലെ കൊതേരി കുടുംബക്ഷേമ ഉപ കേന്ദ്രം കാടുകയറി നശിക്കുന്നു. വർഷങ്ങളായി കെട്ടിടം അടച്ചിട്ടതിനാൽ ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പാണ് കൊതേരി കുന്നിൽ നല്ല സൗകര്യത്തോടെ കുടുംബ ക്ഷേമ ഉപ കേന്ദ്രം ആരംഭിക്കാൻ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണിതത്.
കെട്ടിടം ഉദ്ഘാടനം നടത്തി കുടുംബ ക്ഷേമ കേന്ദ്രം നല്ല നിലയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. പ്രഷറും ഷുഗറും മറ്റും നോക്കാൻ പ്രദേശത്തെ നിരവധി പേർ ഇവിടെയെത്തുകയും ചെയ്തിരുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നേഴ്സിനെ ഉൾപ്പെടെ നിയമിച്ചിരുന്നു.
മാസങ്ങളോളം നല്ല നിലയിൽ പ്രവർത്തിച്ച കേന്ദ്രം പിന്നീട് ആഴ്ച്ചയിൽ ഒരു ദിവസമായി പ്രവർത്തിക്കുകയായിരുന്നു. വൈകാതെ കെട്ടിടം അടച്ചിട്ടു. കുടുംബക്ഷേമ ഉപ കേന്ദ്രത്തിൽ എത്തിപ്പെടാനുള്ള സൗകര്യമില്ലെന്ന കാരണത്താലാണ് കെട്ടിടം പൂട്ടിയിട്ടത്. അഞ്ച് വർഷത്തോളമായി കെട്ടിടം അടച്ചിട്ടതിനാൽ കുടുംബക്ഷേമ ഉപ കേന്ദ്രത്തിന്റെ പ്രവർത്തനം കൊതേരി അങ്കണവാടിയിൽ വച്ചാണ് നടത്തുന്നത്.