ഈരാറ്റുപേട്ട: 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്ത സംഭവത്തിലെ പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഉൗർജിതമാക്കി.
ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശിക്കു വേണ്ടിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഇയാൾ ഈരാറ്റുപേട്ട-മുട്ടം റോഡിലെ കളത്തുകടവ് ഭാഗത്തെ ഗോഡൗണ്‍ വാടകയ്ക്ക് എടുത്താണ് നിരോധിത പുകയില ഉല്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഈരാറ്റുപേട്ട പോലീസും ചേർന്നു നടത്തിയ റെയ്ഡിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
28 ചാക്കുകളിലായി പുകയില ഉൽപ്പന്നങ്ങൾക്കു സൂക്ഷിച്ചിരുന്നത്.
ഗോഡൗണ്‍ പോലീസ് റെയ്ഡ് ചെയ്തു വിവരമറിഞ്ഞതോടെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു നടയ്ക്കൽ സ്വദേശി ഒളിവിൽ പോയിരിക്കുകയാണ്.
ഇയാൾ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ മൊത്ത കച്ചവടക്കാർക്കു ഇറക്കി നല്‍കാറുണ്ടെന്നും പോലീസിനു വിവരം ലഭിച്ചു.
ഇയാൾ പോകാൻ സാധ്യതയുള്ള വീടുകൾ ഉൾപ്പെടെയുള്ള വീടുകളിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്. ഇയാൾ സ്ഥിരമായി ബന്ധപ്പെട്ടിരുന്നവരുടെ വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.
കളത്തുകടവ് സ്വദേശിയുടെ ഗോഡൗണ്‍ ആറു മാസം മുന്‍പാണ് നടക്കൽ സ്വദേശിയായ യുവാവ് വാടകയ്ക്കെടുത്തത്. റബർ മാറ്റുകൾ സ്ഥാപിക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമാണ് ഗോഡൗണ്‍ വാടകയ്ക്കെടുത്തത്.
രാത്രികാലങ്ങളിൽ മാത്രം വാഹനങ്ങൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ജില്ലാ പോലീസ് ചീഫിനു രഹസ്യവിവരം കൈമാറുകയായിരുന്നു.
നർക്കോട്ടക് സെൽ ഡിവൈഎസ്പി എം.എം. ജോസ്, പാലാ ഡിവൈഎസ്പി ബി. പ്രഫുല്ലചന്ദ്രൻ, ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്, എസ്ഐമാരായ എം.എച്ച്. അനുരാജ്, ഷജുദീൻ റാവുത്തർ, എസ്സിപിഒമാരായ സജിമോൻ, ദിലീപ്, അഭിലാഷ്, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ശ്രീജിത്ത് ബി. നായർ, തോംസണ്‍ കെ. മാത്യു, ഷമീർ സമദ്, പ്രതീഷ് രാജ്, കെ.ആർ. അജയകുമാർ, വി.കെ. അനീഷ്, പി.എം. ഷിബു, എസ്. അരുണ്‍ എന്നിവരാണു പരിശോധന നടത്തിയത്.