നിങ്ങളെ ഏറ്റവും ദേഷ്യംപിടിപ്പിക്കുന്ന അഞ്ചു കാര്യങ്ങൾ എടുത്താൽ അതിലൊന്ന് തീർച്ചയായും കൊതുകുകടി ആയിരിക്കും. ഉറങ്ങാൻ കിടക്കുന്പോഴാണെങ്കിൽ പറയുകയും വേണ്ട.
ഒന്നു മയക്കംപിടിച്ചു വരുന്പോഴാകും ചെവിയിൽ മൂളൽ. പറന്നുമൂളിവന്നു കടിക്കുന്ന കൊതുകു കൂട്ടത്തിനോടു പ്രാകിക്കൊണ്ടു പറയാൻ തോന്നും- എന്റെ പൊന്നാശാട്ടിമാരേ, കടിച്ചോ, പക്ഷേ പാടരുത്!
കൊതുക്വല, കൊതുകുതിരി, പുകയ്ക്കൽ, ബാറ്റുവീശൽ, അടിച്ചുകൊല്ലൽ എന്നിങ്ങനെ സകല മാർഗങ്ങളും പയറ്റും. അന്പതെണ്ണത്തിനെ കൊന്നാലും ഒരേയൊരെണ്ണം ബാക്കിയുണ്ടായാൽ മതി, അതോടെ നിങ്ങളുടെ ഉറക്കം ഖുദാ ഗവ!!
ആയിരം കൊതുകിന് അര കൈ
കൊതുകിനോട് അരക്കൈ നോക്കാനല്ല ഈ കൈ. അവർക്കു കടിക്കാൻ സ്വന്തം കൈ സംഭാവന ചെയ്തിരിക്കുകയാണ് ഓസ്ട്രേലിയൻ ഗവേഷകനായ ഡോ. പിരാൻ സ്റ്റോട്ട്-റോസ്. മെൽബണ് യൂണിവേഴ്സിറ്റിയിൽ അദ്ദേഹം സ്വന്തം കൈത്തണ്ട കൊതുകുകൾക്കു കടിക്കാൻ വിട്ടുകൊടുത്തിരിക്കുകയാണ്.
വെറുതെ കടിക്കുകയല്ലല്ലോ, അവർ രക്തമൂറ്റുകയും ചെയ്യും. പിരാൻ ഡോക്ടറുടെ പിരിപോയോ എന്നു സംശയിക്കുന്നവരുണ്ടെങ്കിൽ വേണ്ട, കൊതുകുകൾ പരത്തുന്ന മാരകരോഗങ്ങൾ എങ്ങനെ തടയാം എന്ന സുപ്രധാനമായ ഗവേഷണത്തിലാണ് അദ്ദേഹം.
പകർച്ചവ്യാധികൾ, പ്രത്യേകിച്ച് ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിലുള്ള ഗവേഷണം അദ്ദേഹം തുടങ്ങിയിട്ട് വളരെ നാളുകളായി. നൂറ്റാണ്ടോളമായി ഡെങ്കി ലോകജനതയ്ക്ക് ഭീഷണിയാണ്. പ്രതിവർഷം കാൽലക്ഷത്തിലേറെപ്പേരുടെ ജീവനെടുക്കുന്നുണ്ട് ആ വ്യാധി. കൊതുകുകളാണ് ഈ രോഗം പരത്തുന്നതിലെ വില്ലന്മാർ.
ഇതു മരുന്നുകൊതുക്!
ഡോ. സ്റ്റോട്ടിന്റെ കണക്കനുസരിച്ച് ദിവസവും അയ്യായിരം തവണയെങ്കിലും അദ്ദേഹത്തിനെ കൊതുകുകൾ കടിക്കുന്നുണ്ട് (ഇതോടൊപ്പമുള്ള ചിത്രമൊന്നു കാണൂ!). സാധാരണഗതിയിൽ നമ്മുടെയൊക്കെ ആണെങ്കിൽ കൈത്തണ്ട നീരുവന്നു വീർക്കും. അപ്പോൾ എങ്ങനെയാണ് ഇത്രയും കടികൾ അദ്ദേഹം സഹിക്കുന്നത്?! അതിനുപിന്നിൽ ഒരു കഥയുണ്ട്, അല്ല, കാര്യമുണ്ട്.
ഡെങ്കിപ്പനി പടരുന്നത് പ്രതിരോധിക്കുന്ന വോൾബാച്ചിയ എന്ന ബാക്ടീരിയം ശരീരത്തിൽ പേറുന്ന കൊതുകുകളാണ് ഡോ. സ്റ്റോട്ടിനെ കടിക്കുന്നത്. അദ്ദേഹം ഈ കൊതുകുകളെ പ്രത്യേകം പോറ്റിവളർത്തുന്നതാണ്.
ഒരു വിശേഷപ്പെട്ട കൂട്ടിനകത്താണ് ഈ കൊതുകുകളുടെ സുഖതാമസം. നിശ്ചിതസമയം അവയ്ക്കു കടിക്കാൻ പാകത്തിന് ഡോക്ടർ തന്റെ കൈ കൂട്ടിനകത്തു വയ്ക്കും.
ഈ കൊതുകുകടി അത്രയ്ക്കു ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ കുറേനേരം കഴിയുന്പോൾ ചൊറിച്ചിൽ തുടങ്ങും. കൈ പുറത്തെടുത്ത ഉടനെ ചൊറിയാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്- അദ്ദേഹം പറയുന്നു.
ഏതാനും വർഷങ്ങളായി അദ്ദേഹം കൊതുകുകളോടൊപ്പമുള്ള പഠനം തുടങ്ങിയിട്ട്. 2,500-ഓളം വരുന്ന ട്വിറ്റർ ഫോളോവേഴ്സുമായി അദ്ദേഹം ഇതിന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ മേയ് മാസത്തിൽ അങ്ങനെ ട്വിറ്ററിലിട്ട ഒരു ഫോട്ടോയും അതിനൊപ്പമുള്ള അടിക്കുറിപ്പും വൈറലായി.
ഒരുദിവസം കൊതുകുകൾക്കു തീറ്റ കൊടുത്തശേഷമുള്ള കൈയിന്റെ ചിത്രമായിരുന്നു അത്. 16 മില്ലി ലിറ്റർ രക്തം നഷ്ടമായി എന്നായിരുന്നു അടിക്കുറിപ്പ്.
വോൾബാച്ചിയ
ഡെങ്കിപ്പനിക്കെതിരേ പൊരുതാൻ ഗവേഷകരെ സഹായിക്കുന്ന ബാക്ടീരിയയാണ് വോൾബാച്ചിയ. വടക്കൻ ഓസ്ട്രേലിയയിൽ ഡെങ്കിയെ തുരത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് ഇത്. നോർത്ത് ക്വീൻസ് ലാൻഡിനെ ചരിത്രത്തിലാദ്യമായി ഡെങ്കി രഹിത പ്രദേശമായി മാറ്റാനും കഴിഞ്ഞു.
അങ്ങനെയാണ് പതിനായിരക്കണക്കിനു കൊതുകുകളെ വളർത്തിക്കൊണ്ടുള്ള പരീക്ഷണങ്ങൾ വ്യാപകമായത്. മലേഷ്യയിലെ കുലാലംപുരിലും 60 ശതമാനം വരെ ഡെങ്കിപ്പനിയുടെ വ്യാപനത്തോത് കുറയ്ക്കാനായി.
കൊതുകിന്റെ മുട്ടകളിൽ ഈ പ്രതിരോധ ബാക്ടീരിയകളെ കടത്തിവിട്ടാണ് പ്രത്യേകമായി കൊതുകുകളെ ജനിപ്പിച്ച് വളർത്തുന്നത്. ഇവയാണ് ഡോ. സ്റ്റോട്ടിനെ സമൃദ്ധമായി കടിക്കുന്നതും.
ഇങ്ങനെ സവിശേഷമായ കഴിവുനേടുന്ന മരുന്നുകൊതുകുകളെ പുറത്തേക്കു തുറന്നുവിട്ട് ഡെങ്കിപ്പനിയെ തടയുന്നകാലമാണ് അദ്ദേഹത്തിന്റെ സ്വപ്നം. കുറേക്കാലംകൂടി വേണ്ടിവരുമെങ്കിലും. ഇതൊരു രക്തരൂക്ഷിതമായ വിപ്ലവമാണ്. ചോരമാത്രമല്ല, വിയർപ്പും കണ്ണീരും പൊടിയും!!.
തയാറാക്കിയത്: വി.ആർ.