ആലപ്പുഴ: കൊതുകുഭീഷണി നഗരവാസികളുടെ ഉറക്കം കെടുത്തുന്നു. സന്ധ്യയാകുന്നതോടെ വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും മൂളിപ്പറന്നെത്തുന്ന കൊതുകുപടയെ നേരിടാൻ പെടാപ്പാട് പെടുകയാണ ജനങ്ങൾ. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കൊതുകുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീടുകളിൽ കൊതുകുവലകളും കൊതുകുതിരികളും മറ്റു കൊതുകു നശീകരണമാർഗങ്ങളും ഉപയോഗിക്കുന്നുണെങ്കിലും കൊതുകിന്റെ കുത്തേൽക്കാതെ ഉറങ്ങാൻ കഴിയില്ല എന്നതാണ് അവസ്ഥ.
ആലപ്പുഴ ജനറൽ ആശുപത്രിയിലെ വാർഡുകളിൽ രാത്രികാലങ്ങളിൽ ഇലക്ട്രിക് ബാറ്റുപയോഗിച്ച് കൊതുകുകളെ രോഗികൾ നേരിടുന്നത് പതിവുകാഴ്ചയാണ്.പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപവും കാനകൾ വൃത്തിയാക്കാത്തതുമാണ് കൊതുകുകൾക്ക് മുട്ടയിട്ട് പെരുകാൻ അവസരമൊരുക്കുന്നത്. നേരത്തെ നഗരസഭാ ആരോഗ്യവിഭാഗവും സംസ്ഥാനസർക്കാർ ആരോഗ്യവിഭാഗവും മുൻകാലങ്ങളിൽ കൊതുകുനിവാരണത്തിനായി കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിൽ സമീപകാലത്തായി ഇത്തരം പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായതാണ് കൊതുകുകൾ വർധിക്കാനിടയായതെന്നാണ് ആക്ഷേപം.
ഹോട്ടലുകളിലും മറ്റു വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നതിനു നഗരസഭ ആരോഗ്യവിഭാഗം നടത്തുന്ന പ്രവർത്തനങ്ങളുടെ നാലിലൊന്ന് മാലിന്യനിക്ഷേപങ്ങൾ തടയുന്ന പ്രവർത്തനങ്ങളിലും കാനകൾ വൃത്തിയാക്കുന്നതിലുമുണ്ടായില്ലെങ്കിൽ മറ്റൊരു പകർച്ചവ്യാധി ഭീഷണിയിലേക്കാകും ആലപ്പുഴ നഗരം നീങ്ങുക.