വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സന്ധ്യയായാൽ ബസ് കാത്തുനില്ക്കണമെങ്കിൽ കൊതുകുതിരി കൂടി കരുതേണ്ട ഗതികേടിലാണ് യാത്രക്കാർ. സ്റ്റാൻഡും പരിസരവും കൊതുകിന്‍റെ പ്രജന–നകേന്ദ്രങ്ങളാണ് ഇപ്പോൾ. ചുറ്റും പൊന്തക്കാടുകളും മലിനജലം കെട്ടിനിന്നും കൊതുകിനെ വളർത്തുന്ന സ്‌ഥിതിയാണ്.
സ്റ്റാ്ൻഡിന്റെ കിഴക്കുഭാഗം മലിനജലം കെട്ടിനിന്ന് കടുത്ത ദുർഗന്ധവും ഉയരും. സ്റ്റാൻഡിൽ ചപ്പുചവറ് അടിച്ച് വൃത്തിയാക്കലും ഇല്ലാതായി. സ്റ്റാൻഡിൽനിന്നും തങ്കം ജംഗ്ഷനിലേക്കു പോകുന്ന റോഡിന് ഇരുവശവും നാലടിയോളമാണ് വെള്ളക്കെട്ടുള്ളത്. പുഴു തിളച്ചുമറിയുന്ന മലിനജലത്തിലേക്കാണ് മാലിന്യച്ചാക്കുകളും പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളുമെല്ലാം വലിച്ചെറിയുന്നത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി മഴവെള്ളം ഒഴുകിപോകാൻ എവിടെയും മതിയായ ഓടകളില്ല. ഇതിനു പുറമേ ബസ്സ്റ്റാൻഡ് പരിസരത്തെല്ലാം അധികൃതമായും അനധികൃതമായും വ്യാപകതോതിൽ കെട്ടിടനിർമാണം നടക്കുന്നതും വെള്ളക്കെട്ടിനു കാരണമാകും.
പഞ്ചായത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ അഡ്ജസ്റ്റ്മെന്റ് ഭരണമായതിനാൽ തെറ്റുകൾ ചൂണ്ടിക്കാട്ടാനും ആരുമില്ലാത്ത സ്‌ഥിതിയാണ്. ദേശീയപാത നിർമാണത്തിനായി അന്യസംസ്‌ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ താമസിക്കുന്നതും ഇവിടങ്ങളിലെ താത്കാലിക ഷെഡുകളിലാണ്.
ഇവരുടെ ടെന്റുകളിൽനിന്നുള്ള കക്കൂസ് മാലിന്യവും ഇവിടേക്കാണ് ഒഴുകിവരുന്നത്. ടൗണിൽ കെട്ടിടങ്ങൾക്കു നടുവിലുള്ള ചേക്കുളവും മലിനമയമായി. തുകുനിവാരണത്തിനും മാലിന്യനിർമാർജനത്തിനും രാഷ്ര്‌ടീയം മറന്നു രംഗത്തിറങ്ങണമെന്ന് എല്ലാ രാഷ്ട്രീയപാർട്ടികളും ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും രാഷ്ര്‌ടീയം മറക്കുന്നത് അനധികൃത നടപടികൾക്കാണെന്നു മാത്രം.