കൊച്ചി: കൊച്ചിക്കാരുടെ ഉറക്കംകെടുത്തി കൊതുകു ശല്യം രൂക്ഷമാകുന്നു. നേരം സന്ധ്യയായാൽ മുതൽ വിടിനുള്ളിലും പുറത്തും നിൽക്കാനോ ഇരിക്കാനോ കിടക്കാനോ കഴിയാത്ത അവസ്ഥ. ശരീരത്തിനുചുറ്റും ചുളംവിളിച്ച് ചീറിപ്പായുന്ന കൊതുകുകൾ തല്ലിയൊടിക്കാൻ അത്ഭുതകരമായ മെയ് വഴക്കം തന്നെ വേണം. കൊതുകിനെ കൊല്ലാനുള്ള മരുന്നു തളിക്കുന്നുണ്ടെന്നും ഫോഗിംഗ് നടത്തുന്നുണ്ടന്നുമൊക്കെ നഗരസഭാധികൃതൽ നാഴികയ്ക്ക് നൽപ്പതുവട്ടം പറയുന്നുണ്ടെങ്കിലും കൊതുകു പെറ്റുപെരുകുന്നതിനുമാത്രം ഒരു കുറവുമില്ല.
ടൂറിസം സീസണായിട്ടും വിനോദസഞ്ചാരികൾ കൊതുകിനെ പേടിച്ച് കൊച്ചി വിടുന്ന അവസ്ഥയാണ്. ഫലപ്രദമായ മുൻകരുതൽ സ്വീകരിക്കുന്നതിലുണ്ടായ വീഴ്ചയാണു കൊതുക് പെറ്റെുപരുകാൻ ഇടയായത്. നഗരത്തിലെ കാനകളും ജലസ്രോതസുകളും ശുചീകരിക്കുന്ന ജോലികൾ ശരിയായവിധം പൂർത്തിയാക്കാൻ കഴിയാതെ പോയതാണ് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൊതുക് പെരുകാൻ കാരണം. കൊതുക് മുട്ടയിട്ടു പെരുകുന്ന കാനയിൽ കൃത്യമായ ഇടവേളകളിൽ മരുന്ന് തളിക്കൽ നടത്താതെ പോയതും പ്രശ്നം രൂക്ഷമാക്കി. ഫോഗിംഗ് കൃത്യമായ ഇടവേളകളിൽ ചെയ്യുന്നില്ല. ഉപയോഗിക്കുന്ന മരുന്നിന്റെ ഗുണനിലവാരത്തെ കുറിച്ചും തർക്കങ്ങളുണ്ട്.
മുൻ കാലങ്ങളിൽ കൊതുകിന്റെ മുട്ടയും ലാർവയും നശിപ്പിക്കാൻ കാനകളിൽ ഉപ്പുവെള്ളം ഒഴുക്കിയിരുന്നു. കായലിൽനിന്ന് കുറച്ച് വെള്ളം കൊണ്ടുവന്ന് ഒഴിച്ച് പണം തട്ടുന്ന പ്രവൃത്തിയായി ഇതു പിന്നീട് മാറി. ഓഡിറ്റ് ഒബ്ജക്ഷൻ ഉണ്ടായതോടെ ഈ പ്രവർത്തനം പൂർണമായും നിർത്തുകയും ചെയ്തു. ഉപ്പുവെള്ളം നിറഞ്ഞ തീരമേഖലയിലെ കാനകളിലും കൊതുകു വളരുന്നതാണ് എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.
പ്രായോഗിക മാർഗമെന്ന നിലയിൽ മരുന്നു തളിക്കലും ഫോഗിംഗുമാണ് നഗരസഭയുടെ മുന്നിലുള്ളതെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഇതൊന്നും കൃത്യമായി നടക്കാറില്ല. 74 ഡിവിഷനുകളിലായി നാമമാത്രമായ ജീവനക്കാർ മാത്രമേ ഈ ജോലി ചെയ്യാനുള്ളു. ഓരോ കൗണ്‍സിലർമാരും ഇവർക്കുവേണ്ടി പിടിവലിയാണ്. ദിവസം മുഴുവൻ ഫോഗിംഗ് നടത്തിയാൽ പോലും ഡിവിഷനുകൾ പൂർത്തിയാക്കാൻ നാലും അഞ്ചും ദിവസമെടുക്കും. മരുന്നു തളിക്കാനും ഫോഗിംഗിനും കുടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് കൗണ്‍സിൽ യോഗത്തിൽ ശക്തമായ അവശ്യം ഉണ്ടാകുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നതാണ് പ്രശ്നം വഷളാകാൻ ഇടയാക്കിയത്.
നഗരസഭയ്ക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുന്നുണ്ടെന്നാണ് നഗരസഭയുടെ വാദം. കൊച്ചിയിലെ കൊതുകുശല്യം അവസാനിപ്പിക്കാൻ ജനങ്ങളുടെ സഹകരണം കൂടി ഉണ്ടാകണമെന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ വി.കെ. മിനിമോൾ പറയുന്നു. കൊതുകു വളരുന്ന സാഹചര്യങ്ങളാണ് എന്നും കൊച്ചിയിൽ നിലനിൽക്കുന്നത്. വേനൽകാലത്ത് സ്ഥിതി കുറച്ചുകൂടി രൂക്ഷമാകുന്നു. ഇതിന് പരിഹാരം കാണാൻ കാനയിൽ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കണമെന്ന് ചെയർപേഴ്സണ്‍ ആവശ്യപ്പെടുന്നു.
തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഭരണപക്ഷം അവകാശപ്പെടുന്പോൾ കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്നത് ഗുണനിലവാരം കുറഞ്ഞ മരുന്നാണെന്ന ആക്ഷേപം പ്രതിപക്ഷത്തിനുണ്ട്. വർഷങ്ങളായി ഒരു കന്പനിയുടെ മരുന്നാണ് ഉപയോഗിക്കുന്നത്. ഇത് നിലവിൽ കൊച്ചിയിലെ കൊതുകിനെ നശിപ്പിക്കാൻ പ്രാപ്തമാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയ പഠനം നടത്തി കൊതുകു പ്രശ്നം ശാശ്വതമായി എങ്ങനെ പരിഹരിക്കാമെന്ന് ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.