മൂവാറ്റുപുഴ: നഗരത്തിലെ ഓടകളുടെ ശുചീകരണത്തിനു നടപടിയില്ലാതായതോടെ കൊതുകുശല്യം രൂക്ഷമാകുന്നു. നേരം ഇരുട്ടിയാൽ കൊതുകിന്റെ മൂളിപ്പറക്കലാണ് എവിടെയും. കൊതുകിനെ തുരത്താൻ കൊതുകുവലയും മറ്റ് ഉത്പന്നങ്ങളും വാങ്ങി പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ്.
ഓടയിലും മറ്റും കെട്ടികിടക്കുന്ന മാലിന്യത്തിൽ നിന്നാണ് കൊതുക് മുട്ടയിട്ടു പെരുകുന്നത്. യഥാ സമയങ്ങളിൽ ഓട ശുചീകരിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നെങ്കിൽ കൊതുക് പെരുകുന്നതു ഒരുപരിധിവരെ തടയാനാകുമായിരുന്നു. ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരേ നഗരസഭ കർശന നടപടിയുമായി രംഗത്തെത്തിയിരുന്നു.
ഇതിനു വിപരീതമായി ഇപ്പോഴും പല വ്യാപാര-വ്യവസായ സ്ഥാപനങ്ങളിലെയും തട്ടുകടകളിലെയും ഹോട്ടലുകളിലെയുമടക്കം മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നുണ്ട്. മാലിന്യങ്ങൾ ഓടയിൽ കെട്ടികിടക്കുന്നത് വെള്ളമൊഴുക്കിനു തടസമുണ്ടാക്കുന്നുണ്ട്. നിലവിൽ പല ഓടകളും മാലിന്യം അടിഞ്ഞുകൂടി നിറഞ്ഞിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ഓടകളിൽ കെട്ടികിടക്കുന്ന മാലിന്യം നീക്കാൻ അധികൃതർ തയാറായില്ലെങ്കിൽ മഴക്കാലം ആരംഭിക്കുന്നതോടെ കൊതുക് ശല്യം രൂക്ഷമാകും. ഇതു ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ സാംക്രമിക രോഗങ്ങൾ പടരാനുള്ള സാധ്യത വർധിപ്പിക്കും. നഗരത്തിലെ ഓടകൾ ശുചീകരിച്ച് പുഴയിലേക്ക് വെള്ളം ഒഴുക്കുന്നതിനും പുഴയെ മാലിന്യ മുക്തമാക്കുന്നതിനുമുള്ള വിശദമായ പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഇതു വെളിച്ചം കണ്ടിട്ടില്ല.
രണ്ടു വർഷം മുന്പാണ് മൂവാറ്റുപുഴയാറിന്റെ സംരക്ഷണത്തിനായി പദ്ധതി തയാറാക്കിയത്. വ്യാപാര സ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഹോട്ടലുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽനിന്ന് ഓടയിലേക്ക് തുറന്നുവിടുന്ന മാലിന്യങ്ങൾ മൂവാറ്റുപുഴയാറിലെത്തുന്നത് തടയാനാണ് നഗരത്തിലെ നാലു കേന്ദ്രങ്ങളിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതി തയാറാക്കിയത്.
പദ്ധതിക്കായി അരലക്ഷത്തോളം രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങിയതോടെ ഓട ശുചീകരണം അവതാളത്തിലാകുകയായിരുന്നു. ഇതോടെ നഗരത്തിലെ പലയിടങ്ങളിലെയും ഓടകളിൽ മണ്ണും മാലിന്യവും കുമിഞ്ഞുകൂടിയിരിക്കുകയാണ്. ഓട ശുചീകരണത്തിനു നടപടി സ്വീകരിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.