കോട്ടയം: എത്ര പഴകിയ മീൻ വിറ്റാലും അതിമാരക കീടനാശിനി വിതറിയാലും ശിക്ഷിക്കാൻ ഒരു വഴിയുമില്ല. മീൻ പരിശോധിക്കാൻ പറ്റിയ ലാബ് ജില്ലയിലില്ല. കൊച്ചി സെൻട്രൽ ലാബിൽ എത്തിച്ചാലും ഫലം കിട്ടാൻ കാലമേറെ കാത്തിരിക്കണം.
മീനിലെ രാസവസ്തുക്കൾ കണ്ടെത്താൻ കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) വികസിപ്പിച്ച പേപ്പർ കിറ്റ് മാർക്കറ്റിൽ കിട്ടാനില്ലാത്തതിനാൽ ഉപഭോക്താവിന് നേരിട്ടു പരിശോധിച്ച് ഗുണമേൻമ നോക്കി വാങ്ങാൻ തരമില്ല. കാരണം കിറ്റ് ഒരിടത്തും കിട്ടാനില്ല. നിസാര വിലയുള്ള ഈ കിറ്റ് കഴിഞ്ഞ വർഷം വികസിപ്പിച്ചതാണ്.
മീൻ പരിശോധിക്കാൻ ജില്ലയിൽ ആരാണു ചുമതലപ്പെട്ടവരെന്ന് ആർക്കുമറിയില്ല. പരാതി കിട്ടിയാൽ ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളുമൊക്കെ പരസ്പരം പഴിചാരി മാറുന്നതല്ലാതെ മീൻപരിശോധന നിലച്ചിട്ടു മാസങ്ങളായി. സംഘടിത മാഫിയ നിയന്ത്രിക്കുന്ന മീൻചന്തകളിൽ മീൻപരിശോധന നടത്തുകയെന്നതും ദുഷ്കരമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
മീൻ സാന്പിൾ പരിശോധിച്ചറിയാൻ കൊച്ചിയിലെ സെൻട്രൽ ലാബിലേക്കു സാന്പിൾ അയയ്ക്കുകയാണ് പരിഹാരം. അവിടെ മീൻ എത്തിച്ചാൽതന്നെ ഒരു മാസം കഴിഞ്ഞേ ഫലം കിട്ടു. അതുവരെ മാർക്കറ്റിൽ മീൻ വിൽക്കാതെ വയ്ക്കാൻ മാർഗമില്ല. വിഷം ചേർന്നിട്ടുണ്ടെങ്കിൽതന്നെ ആരെ ശിക്ഷിക്കണം എന്നതിലും അവ്യക്തത.
മീൻ പിടിച്ചവരാണോ മൊത്തക്കച്ചവടക്കാരാണോ ചെറുകിട വിൽപനക്കാരാണോ പ്രതികൾ എന്നറിയുക പ്രായോഗികമല്ല. അതിനാൽതന്നെ പരിശോധന പലപ്പോഴും പ്രഹസനമായി മാറുകയാണ്. ട്രോളിംഗ് ഇല്ലാത്ത കാലത്തും വിൽപനയ്ക്കെത്തിക്കുന്ന മീനുകൾ ആഴ്ചകളും മാസങ്ങളും പഴക്കം ചെന്നവയാണ്. കേരളത്തിൽ വിൽക്കുന്ന മീനുകളുടെ 30 ശതമാനം മാത്രമാണു കേരള തീരത്തുനിന്നു പിടിക്കുന്നത്.