കോട്ടയം: വീട്ടിൽനിന്നു പിണങ്ങി ഇറങ്ങി കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പെണ്‍കുട്ടിയെ രാത്രി മുഴുവൻ നടത്തിയ തെരച്ചിലിനു ശേഷം കണ്ടെത്തി. ഇന്നു രാവിലെ 6.45നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
വെള്ളാവൂർ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് ഇന്നലെ രാത്രി 7.30നാണ് സംഭവം. പൂണിക്കാവ് സ്വദേശിനിയായ 17കാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയ ശേഷം രാത്രി വീടുവിട്ടിറങ്ങിയത്.
രാത്രി 7.30ന് ആനക്കല്ല് ഭാഗത്തു പെണ്‍കുട്ടി ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ടു നാട്ടുകാർ വിവരം തിരക്കിയതോടെ പെണ്‍കുട്ടി സമീപത്തെ കാടും പടർപ്പും നിറഞ്ഞ തോട്ടത്തിലേക്കു ഓടി കയറുകയായിരുന്നു.
തുടർന്നു നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചപ്പോഴേക്കും പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ചു വീട്ടുകാരും മണിമല പോലീസിൽ പരാതി നല്‍കിയിരുന്നു.
തുടർന്നു പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നു രാത്രിയിൽ തന്നെ തെരച്ചിൽ ആരംഭിച്ചു.
ഇതിനു സമീപം പുഴയുള്ളതു ബന്ധുക്കളുടെയും നാട്ടുകാരുടെയും ആശങ്ക കൂട്ടിയിരുന്നു. കുറ്റാകൂരിരുട്ടിലേക്കാണ് പെൺകുട്ടി ഒാടിക്കയറിയത്.
രാത്രി ഒരു മണി വരെ തെരച്ചിൽ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ തെരച്ചിൽ അവസാനിപ്പിച്ച ശേഷം രാവിലെ പുനരാരംഭിക്കുകയായിരുന്നു.
ഇന്നു രാവിലെ തെരച്ചിൽ തുടങ്ങിയ ഉടൻതന്നെ പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. വഴക്കുണ്ടാക്കിയ ശേഷം പെണ്‍കുട്ടിയുടെ വീട്ടിൽനിന്നു രണ്ടു കിലോമീറ്ററോളം ദൂരത്തേക്കു നടക്കുകയായിരുന്നു.
തുടർന്നാണ് വെളിച്ചമില്ലാത്ത തോട്ടത്തിൽ കയറി ഒളിച്ചത്.