കോട്ടയിൽ വർധിച്ചുവരുന്ന ആത്മഹത്യാ കേസുകളെ സംബന്ധിച്ച് നടത്തിയ യോഗത്തിൽ ആത്മഹത്യാ പ്രവണതയുള്ള വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞ് മനഃശാസ്ത്രപരമായ കൗൺസിലിംഗ് നൽകാൻ തീരുമാനം. പ്രവൃത്തിദിവസങ്ങൾ ‘ഹാഫ് ഡേ സ്റ്റഡി, ഹാഫ് ഡേ ഫൺ’ എന്നിങ്ങനെ മാറ്റാനും തീരുമാനിച്ചു.
വീഡിയോ കോൺഫറൻസിലൂടെ പ്രിൻസിപ്പൽ സെക്രട്ടറി (ഉന്നത, സാങ്കേതിക വിദ്യാഭ്യാസം) ഭവാനി സിംഗ് ദേതയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും ഹോസ്റ്റൽ അസോസിയേഷന്റെയും പ്രതിനിധികളും പങ്കെടുത്തതായി അധികൃതർ അറിയിച്ചു.
മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നിർദേശപ്രകാരം രൂപീകരിച്ച സമിതിയുടെ അധ്യക്ഷൻ കൂടിയാണ് ഭവാനി ദേത. സ്ഥിതിഗതികൾ വിലയിരുത്താൻ സമിതി സെപ്റ്റംബർ രണ്ടിന് കോട്ട സന്ദർശിക്കും.
വിദ്യാർത്ഥികളുടെ കോഴ്സുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള ശ്രമത്തിൽ വിഷയ വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിക്കാൻ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടോടൊപ്പം എല്ലാ വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്നതിനായി വിദഗ്ധരുടെ ഓൺലൈൻ മോട്ടിവേഷണൽ സെഷനുകൾ നടത്താനും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യാനും ഇൻസ്റ്റിറ്റ്യൂട്ടുകളോട് ആവശ്യപ്പെട്ടു.
കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എല്ലാ ബുധനാഴ്ചകളിലും ‘ഹാഫ് ഡേ സ്റ്റഡി, ഹാഫ് ഡേ ഫൺ’ നടത്താനും അടുത്ത രണ്ട് ദിവസത്തേക്ക് സാധാരണ ടെസ്റ്റുകളൊന്നും നടത്തില്ലെന്നും യോഗത്തിൽ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
മോശം പ്രകടനം നടത്തുന്നവരെ കണ്ടെത്തി അവർക്ക് മാനസിക കൗൺസിലിംഗ് നൽകുമെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച രണ്ട് നീറ്റ് പരീക്ഷാർത്ഥികൾ ആത്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെയാണ് യോഗം നടന്നത്.
കോട്ട കളക്ടർ ഒ പി ബങ്കർ, എസ്പി ശരദ് ചൗധരി, അഡീഷണൽ കളക്ടർ (അഡ്മിനിസ്ട്രേഷൻ) രാജ്കുമാർ സിംഗ്, അഡീഷണൽ എസ്പി ഭഗവത് സിംഗ് ഹിംഗദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. വർദ്ധിച്ചുവരുന്ന ആത്മഹത്യാ കേസുകൾ തടയുന്നതിനുള്ള ഹ്രസ്വ, ദീർഘകാല നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനാണ് പ്രാഥമിക യോഗം ചേർന്നതെന്ന് കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
എൻജിനീയറിങ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാം (ജെഇഇ), മെഡിക്കൽ കോളേജുകളിലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ കോച്ചിംഗ് ഹബ്ബായ കോട്ടയിലേക്ക് പ്രതിവർഷം രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികൾ എത്തുന്നു.