ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ നിന്നും രാത്രികാലങ്ങളിൽ കേട്ടിരുന്നു സ്്്ത്രീയുടെ അട്ടഹാസവും നിലവിളി ശബ്ദവും നിലച്ചു. പതിവായി രാത്രികാലങ്ങളിൽ കേട്ടിരുന്ന ശബ്ദം യക്ഷിയുടേതാണെന്നും ആളുകൾ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ശബ്ദം കേട്ടു ഭയന്നു പോയ ഒരു ജീവനക്കാരിയുടെ പരാതിയെത്തുടർന്ന് രാത്രികാലങ്ങളിൽ ഈ ഭാഗത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയതോടെ യക്ഷിച്ചിരിയും നിലവിളി ശബ്ദവും ഇല്ലാതായി.
ജീവനക്കാരിയുടെ പരാതി പുറത്തു വന്നതോടെ കൂടുതൽ ആളുകൾ നിലവിളി ശബ്ദവും അട്ടഹാസവും കേട്ടതായി പരാതിയുമായി രംഗത്തെത്തിയിരുന്നു.
തുടർന്നാണ് പോലീസും മെഡിക്കൽ കോളജിലെ സുരക്ഷ വിഭാഗം ജീവനക്കാരും വ്യാപകമായ തോതിൽ പരിശോധനകൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ പരിശോധനയിൽ സംയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അധികൃതർ പറയുന്നു.
ഗൈനക്കോളജി ഒപിയുടെ മുകളിലത്തെ നിലയിലും കോന്പൗണ്ടിലും നിർമാണ പ്രവർത്തനം നടക്കുന്നതിന്റെ ഭാഗമായി താല്കാലികമായി നിർമിച്ച ഇരുന്പു ചവിട്ടുപടിയിൽക്കൂടി സാമൂഹ്യവിരുദ്ധരും അനാശ്യാസക്കാരും കയറുകയും ഇവരുടെ പ്രവൃത്തിക്ക് കോട്ടം വരാതിരിക്കാൻ ആസൂത്രണം ചെയ്തതാണ് യക്ഷിക്കഥയും അട്ടഹാസവും പൊട്ടിച്ചിരിയുമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ആശുപത്രി കോന്പൗണ്ടിൽ രാത്രി കാലങ്ങളിൽ യക്ഷിയിറങ്ങുന്നുണ്ടെന്ന പ്രചാരണം ചില ജൂണിയർ വനിതാ ഡോക്ടർമാരെയും വനിതാ ജീവനക്കാരെയും ആശങ്കയിലാക്കിയിരുന്നു.
പല സമയങ്ങളിലായി ജോലി ചെയ്യുന്ന ഇവർക്കു യക്ഷിക്കഥ സമ്മാനിച്ച പേടി ചില്ലറയല്ല. യക്ഷിക്കഥ വ്യാപകമായതോടെ പല വനിത ഡോക്്ടർമാരും ജീവനക്കാരും സന്ധ്യകഴിഞ്ഞാൽ ഒറ്റയ്ക്കു പോകാറില്ലാത്ത സാഹചര്യവുമുണ്ടായിരുന്നു.
വിവിധ കോണുകളിൽ നിന്നും പരാതിയുണ്ടായ അന്നു മുതൽ ഹൈവേ പോലീസും പോലീസ് എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗം ജീവനക്കാരും ഈ ഭാഗത്തേക്കു കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതോടെയാണ് യക്ഷിച്ചിരിയും നിലവിളി ശബ്ദവും ഒഴിവായതെന്ന് ജീവനക്കാർ പറയുന്നു.
ഇതു സംബന്ധിച്ച് ആരും പരാതി പറയുകയോ അന്വേഷണം നടത്താൻ നിർദ്ദേശം നൽകുകയോ ചെയ്തിട്ടില്ലെന്ന് ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ രാഷ്ട്രദീപികയോടു പറഞ്ഞു.