ഗാന്ധിനഗർ: പ്രണയം മൂത്ത് ക്വാറന്റൈ നിൽ കഴിയുന്ന കാമുകിയെ കാണാൻ എത്തിയ കാമുകനെ പിടിച്ച് ക്വാറന്റൈ നിലാക്കി. കാമുകനെതിരേ പോലീസ് ക്വാറന്റൈൻ ചട്ടലംഘനം നടത്തിയതിനു കേസും രജിസ്റ്റർ ചെയ്തു. ഇതോടെ ആരോഗ്യവകുപ്പ് അധികൃതർ ക്വാറന്റൈൻ കേന്ദ്രത്തിനു കാവലും ഏർപ്പെടുത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിലാണ് ക്വാറന്റൈൻ പ്രണയം അരങ്ങേറിയത്. ഇതര സംസ്ഥാനത്ത് ജോലി ചെയ്യുന്ന ആർപ്പൂക്കര സ്വദേശിനിയായ 24കാരിയാണ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയത്. ഇവരോട് ഹോം ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു.
എന്നാൽ വീട്ടിൽ സൗകര്യമില്ലാതിരുന്നതിനാൽ ഇവരെ ആരോഗ്യ വകുപ്പും പോലീസും ചേർന്ന് ആർപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിലാക്കുകയും ചെയ്തു. ഇതോടെ ക്വാറന്റൈനിൽ കഴിയുന്ന യുവതി വിവരം ആർപ്പൂക്കര സ്വദേശിയായ 25കാരനായ കാമുകനെ അറിയിച്ചു.
പ്രണയം മൂത്ത കാമുകൻ കാമുകിയെ കാണാൻ എത്തി. ആരും അറിയാതെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിയ കാമുകൻ ജനൽ വഴി കാമുകിയുമായി സല്ലാപത്തിലായി. സംഭവം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വിവരം ആരോഗ്യ പ്രവർത്തകരെയും പോലീസിനെ അറിയിച്ചു.
ഗാന്ധിനഗർ പോലീ സെത്തി യുവാവിനെ കയ്യോടെ പിടികൂടി. ഹോം ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചെങ്കിലും ഇയാൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. ഇതോടെ പോലീസും ആരോഗ്യവകുപ്പും കാമുകനെ ഇയാളുടെ വീട്ടിൽ പോലും കയറ്റാതെ മറ്റൊരു ക്വാറന്റൈൻ കേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ആർപ്പൂരക്കര പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ക്വാറൻൻ കേന്ദ്രത്തിനു കാവൽ ഏർപ്പെടുത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.