കോട്ടയം: ഇല്ലിക്കൽ പ്രദേശവാസികൾക്ക് വീണ്ടും ആശങ്കയുടെ ദിനങ്ങൾ. കഴിഞ്ഞ ഏപ്രിലിൽ ഇല്ലിക്കൽ – തിരുവാർപ്പ് റോഡിന്റെ ഒരു ഭാഗവും സംരക്ഷണഭിത്തിയും മീനച്ചിലാറ്റിലേക്കു പതിച്ചതിനു പിന്നാലെ നവീകരിച്ച റോഡിലാണ് ഇപ്പോൾ വിള്ളൽ കണ്ടിരിക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം മുടങ്ങുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
ചേരിക്കൽ ഭാഗത്തെ രണ്ടു വീടുകൾക്കും നാലു വ്യാപാര സ്ഥാപനങ്ങൾക്കും വിള്ളലുണ്ടായിട്ടുണ്ട്. റോഡിൽ വീണ്ടും വിള്ളൽ രൂപപ്പെട്ടതോടെ നാട്ടുകാരും വ്യാപാരികളും ആശങ്കയിലാണ്.
കഴിഞ്ഞ ഏപ്രിലിൽ റോഡും സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് മീനച്ചിലാറ്റിൽ പതിച്ചതിനെ തുടർന്ന് ഗതാഗതം മുടങ്ങിയിരുന്നു. അന്നും റോഡിൽ വിള്ളൽ കാണപ്പെടുകയും തുടർന്നു റോഡിന്റെ ഒരു ഭാഗം ആറ്റിലേക്ക് പതിക്കുകയും ചെയ്തിരുന്നു.
ഈ ഭാഗത്തിന്റെ തുടർച്ചയായി 40 മീറ്ററോളം ദൂരത്താണ് പുതിയതായി വിള്ളൽ കണ്ടത്. റോഡിന്റെ ടാർ ചെയ്ത ഭാഗത്താണു വിള്ളൽ. കഴിഞ്ഞ വെള്ളപ്പൊക്കത്തിനുശേഷമാണു വിള്ളൽ കൂടിയത്.
രണ്ടു വീടുകളുള്ളതിൽ ഒരു വീടിന്റെ പുറകുവശം ആറ്റിലേക്ക് ഇടിഞ്ഞു വീണിരിക്കുകയാണ്. ചേരിക്കൽ ബിൽഡിംഗിലെ സ്പെയർപാർട്സ് കട നടത്തുന്ന കുഞ്ഞുമോൻ, വർക് ഷോപ്പ് നടത്തുന്ന സോജൻ, തയ്യൽ കട നടത്തുന്ന കുഞ്ഞുമോൻ എന്നിവരുടെ കടകളുടെ ഭിത്തിയിലും അപകടകരമായ രീതിയിൽ വിള്ളൽ വീണിട്ടുണ്ട്. ഏതുനിമിഷവും അപകടത്തിൽപെടാവുന്ന കടയിൽ ജീവൻ പണംവച്ചാണ് ഇവർ കഴിയുന്നത്.
തയ്യൽകടക്കാരൻ കുഞ്ഞുമോന്റെ കട കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പൂർണമായും ഇടിഞ്ഞു പോയിരുന്നു. ഇവിടെ ഇപ്പോൾ കുഞ്ഞുമോൻ കട നടത്തുന്നില്ല. ഇതുവഴി പോകേണ്ട വാഹനങ്ങൾ മറുഭാഗം ചേർന്നു പോകുവാൻ വീപ്പകൾ നിരത്തി അപായ സൂചന നൽകിയിരിക്കുയാണ്.
റോഡിന്റെ സംരക്ഷണം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.