കിരാതന്മാര്‍ പീഡിപ്പിച്ചു കൊന്ന എട്ടുവയസുകാരിയെ അപമാനിച്ച വിഷ്ണു നന്ദകുമാറിന് ഒടുവില്‍ പണി പോയി, ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത് കൊട്ടക് മഹീന്ദ്ര ബാങ്ക്

കാഷ്മീരില്‍ കേവലം എട്ടു വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ അതിദാരുണമായി പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെങ്ങും വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഈ കൊടുംക്രൂരതയ്‌ക്കെതിരേ പ്രതികരിച്ചപ്പോള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ച മലയാളി യുവാവിനെതിരേ വന്‍ പ്രതിഷേധം സോഷ്യല്‍മീഡിയയില്‍ അരങ്ങേറിയിരുന്നു.

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചില്‍ മാനേജരായി ജോലി ചെയ്യുന്ന വിഷ്ണു നന്ദകുമാര്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ അപമാനിച്ച് ഒരു വാര്‍ത്തയുടെ താഴെ കമന്റിട്ടത്. ”ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി, ഇല്ലെങ്കില്‍ നാളെ ഇവള്‍ ഇന്ത്യക്ക് എതിരെ ബോംബായേനെ” എന്നാണ് വിഷ്ണു നന്ദകുമാര്‍ കമന്റ് ചെയ്തത്. ഇതിനെതിരേ പലരും ഫേസ്ബുക്കിലൂടെ പ്രതിഷേധിച്ചു.

വിഷ്ണുവിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടു കൊട്ടക് ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം ശക്തമായി. ഇതിനിടെ പേജിന്റെ റേറ്റിംഗ് 4.5ല്‍ നിന്ന് 1.6ലേക്ക് നിലംപൊത്തി. അപകടം മണത്ത ബാങ്ക് അധികൃതര്‍ വിഷ്ണുവിനെ പുറത്താക്കുകയായിരുന്നു. പ്രകടനം മോശമായതിന്റെ പേരില്‍ വിഷ്ണുവിനെ പതിനൊന്നിന് തന്നെ പുറത്താക്കിയെന്നാണ് ബാങ്ക് അവശ്യപ്പെടുന്നത്.

ബാങ്കിന്റെ പോസ്റ്റിനു താഴെ വിഷ്ണുവിനെതിരേ കമന്റിട്ട എല്ലാവര്‍ക്കും ഒഫീഷ്യല്‍ പേജില്‍ നിന്ന് അധികൃതര്‍ മറുപടി നല്കിയെന്നതും ശ്രദ്ധേയമാണ്. അതേസമയം വിഷ്ണുവിന്റെ അക്കൗണ്ടിലും പ്രതിഷേധം ശക്തമാണ്. ഇയാള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ക്കും വലിയതോതില്‍ മോശം കമന്റുകള്‍ വരുന്നുണ്ട്. ചീത്ത വിളി ശക്തമായതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ് ഇയാള്‍.

Related posts