മഞ്ചേരി: കോട്ടക്കൽ കുറ്റിപ്പുറം ആലിൻചുവട് ജുമാമസ്ജിദിൽ സഹോദരങ്ങളെ കുത്തി കൊലപ്പെടുത്തിയ കേസിൽ പത്തു പ്രതികൾക്ക് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിനും 66000 രൂപ പിഴടക്കാനും ശിക്ഷ വിധിച്ചു. പിഴയടയ്ക്കാത്ത പക്ഷം ആറു മാസം അധിക തടവ് അനുഭവിക്കണം.
കോട്ടയ്ക്കലിനു സമീപം കുറ്റിപ്പുറം സ്വദേശികളായ അമരിയിൽ അബുസുഫിയാൻ (50), പള്ളിപ്പുറം യൂസഫ് ഹാജി (61), മകൻ മുഹമ്മദ് നവാസ് (36), സഹോദരൻ ഇബ്രാഹിം കുട്ടി (41), പള്ളിപ്പുറം മുജീബ് റഹ്മാൻ (35), തയ്യിൽ സൈതലവി (64), പള്ളിപ്പുറം അബ്ദുഹാജി (59), തയ്യിൽ മൊയ്തീൻകുട്ടി (66), പള്ളിപ്പുറം അബ്ദുൾ റഷീദ് (46), അമരിയിൽ ബീരാൻ (75) എന്നിവരെയാണ് ശിക്ഷിച്ചത്. കൊലപാതകത്തിനു ഇന്ത്യൻ ശിക്ഷാ നിയമം 302ാം വകുപ്പനുസരിച്ചു ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും, വധശ്രമത്തിനു 307 വകുപ്പു പ്രകാരം അഞ്ചുവർഷം കഠിന തടവും 10,000 രൂപ വീതം പിഴയും, 326 വകുപ്പ് പ്രകാരം മാരകായുധം കൊണ്ടു അക്രമിച്ചു പരിക്കേൽപ്പിച്ചതിനു മൂന്നു വർഷം കഠിന തടവും 5,000 രൂപ വീതം പിഴയും, 148 വകുപ്പ് പ്രകാരം സംഘം ചേർന്ന് ലഹളയുണ്ടാക്കിയതിനു ഒരുമാസം തടവും 1000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ.
കേസിലെ ഏഴാം പ്രതി അമരിയിൽ മുഹമ്മദ് ഹാജി വിചാരണകാലയളവിൽ മരിച്ചിരുന്നു. 2008 ഓഗസ്റ്റ് 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് കേസിനാസ്പദമായ സംഭവം. സഹോദരൻ അഹമ്മദ്കുട്ടി എന്ന കുഞ്ഞാവ ഹാജിക്കൊപ്പം ജുമുഅ നമസ്ക്കാരത്തിനായി പള്ളിയിലെത്തിയതായിരുന്നു അബ്ദുവും അബുബക്കറും.
മാരകായുധവുമായി പള്ളിയിലെത്തിയ പ്രതികൾ ഇവരെ തടഞ്ഞു വയ്ക്കുകയും അബ്ദുവിനെയും അബുബക്കറിനെയും കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തിൽ പരാതിക്കാരൻ ഉൾപ്പെടെ ആറുപേരെ വധശ്രമത്തിനു ഇതേ കോടതി ഇക്കഴിഞ്ഞ ദിവസം അഞ്ചു വർഷം കഠിന തടവിനും 41,000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു.
പള്ളിക്കമ്മിറ്റി അംഗങ്ങളുടെ അനുവാദമില്ലാതെ മഹല്ല് ഖാസിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 53 സാക്ഷികളിൽ 22 പേരെ പ്രോസിക്യൂഷൻ വിചാരണ ചെയ്തു. 73 രേഖകളും 34 തൊണ്ടി മുതലുകളും ഹാജരാക്കി.എട്ടു സാക്ഷികളെയും 31 രേഖകളും പ്രതിഭാഗവും ഹാജരാക്കി.