മഞ്ചേരി: പന്ത്രണ്ടുകാരിയെ പണത്തിനു വേണ്ടി പലർക്കായി കാഴ്ചവച്ചുവെന്ന കേസിൽ മുഖ്യപ്രതികളും ആസാം സ്വദേശികളുമായ ദന്പതികളുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷൽ കോടതി തള്ളി.
പാലക്കാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരുന്ന ആസാം നാഗാഓണ്‍ രുപാഹി പച്ചിംഗണ്ട ഹാതിപുക്രി ബദറുൽ അമീൻ (36), ഭാര്യ മാജീദ ഖാത്തൂൻ (36) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എം. അഹമ്മദ് കോയ തള്ളിയത്.
2020 ഫെബ്രുവരി 26ന് പ്രതികൾ ആസാമിൽ നിന്നു പന്ത്രണ്ടുകാരിയെ കേരളത്തിലേക്കു കടത്തികൊണ്ടു വന്ന് കോട്ടക്കൽ എടരിക്കോട് മമ്മാലിപ്പടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിപ്പിച്ചായിരുന്നു വാണിഭം.
2020 മാർച്ച് നാലിന് രാവിലെ പത്തിനു ബലാത്സംഗത്തിന് വിധേയയാക്കിയ ബാലികയെ ഒരു മണിക്കൂറിനു ശേഷം മറ്റൊരാൾക്കു കൂടി കാഴ്ചവച്ചുവെന്നാണ് കേസ്.
ഇതേ ബാലികയെ മറ്റൊരാൾക്ക് കാഴ്ചവച്ചുവെന്ന കേസിൽ 2020 മാർച്ച് 10ന് അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ കഴിഞ്ഞു വരികയാണ്. കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് കടത്തിക്കൊണ്ടു വന്നതെന്നും കേസിൽ ഇനിയും അറസ്റ്റിലാകാനുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരി പറഞ്ഞു.
പീഡനത്തിനിരയായ ബാലികയെ മഞ്ചേരി വുമണ്‍ ആൻഡ് ചിൽഡ്രൻ ഹോമിലേക്കു മാറ്റി.