മുക്കം: വർഷങ്ങളായി അപകടാവസ്ഥയിലുള്ള നോർത്ത് കാരശ്ശേരി- കൊടിയത്തൂർ റോഡിലെ കോട്ടമുഴി പാലത്തിന്റെ സംരക്ഷണ ഭിത്തി തകരാൻ കാരണമായത് പൊതുമരാമത്ത് അധികൃതരുടേയും ഗ്രാമ പഞ്ചായത്തിനെറെയും കടുത്ത അനാസ്ഥ മൂലം.
പാലത്തിന്റെ ശോചനീയാവസ്ഥയെ കുറിച്ച് നിരവധി തവണ നാട്ടുകാർ പരാതി നൽകിയിട്ടും അധികൃതർ അവഗണിക്കുകയായിരുന്നു.
കാരശ്ശേരി- കൊടിയത്തൂർ പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മുപ്പത്തഞ്ച് വർഷത്തിലധികം പഴക്കമുള്ള പാലമാണിത്.
സംരക്ഷണ ഭിത്തി തകർന്നതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മീൻ പിടിക്കാനെത്തിയവരാണ് പാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്നത് കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, പൊതുമരാമത്ത് വകുപ്പധികൃതർ, പോലീസ്, അഗ്നിരക്ഷാസേന തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡിലെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. അതിനിടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് നാട്ടുകാർ പ്രതിഷേധിച്ചു.
നേരത്തെ പാലത്തിന്റെ അപകടാവസ്ഥയെ കുറിച്ച് നിരവധി തവണ പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. പഴക്കം മൂലം പാലത്തിന്റെ അടിഭാഗത്തെ സ്ലാബ് പൊളിഞ്ഞ് കമ്പികൾ പുറത്തായിട്ടുണ്ട്. പാലത്തിന്റെ കരിങ്കൽകെട്ടിൽ വിള്ളൽ വീണ് ഒരു ഭാഗം തകർന്നു.
പാലത്തിനോട് ചേർന്ന് റോഡിന്റെ വശം ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടിട്ടുമുണ്ട്. റോഡ് താഴുന്ന നിലയിലുമാണ്. പാലത്തിന്റെ ഒരു വശം ആഴമുള്ള ഇരുവഞ്ഞിപ്പുഴയാണ്. അതിനാൽ വലിയ അപകട ഭീഷണിയാണ് ഇവിടെയുള്ളത്.
ഇതിനെ തുടർന്ന് 2019 ഓഗസ്റ്റ് 30 മുതൽ കോട്ടമുഴി പാലം വഴിയുള്ള ബസ് സർവിസുകളും ഭാരം കയറ്റിയ വാഹനങ്ങളും പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ നിരോധിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഇത് കാറ്റിൽപറത്തി വലിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ തുടങ്ങി. അതിനെതിരെ പിന്നീട് ഒരു നടപടിയും അധികൃതർ സ്വീകരിച്ചില്ല.
രണ്ട് വർഷം മുൻപ് 4.95 കോടി ചിലവഴിച്ച് നവീകരിച്ച റോഡിലാണ് പാലം സ്ഥിതിചെയ്യുന്നത്. ദിവസേന ചെറുതും വലുതുമായ നൂറിലധികം വാഹനങ്ങൾ പാലം വഴി കടന്നുപോകുന്നുണ്ട്. പ്രദേശത്തെയും മൂക്കം ഭാഗങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കായി നിരവധി സ്കൂൾ ബസുകളും പാലം വഴിയാണ് കടന്നു പോവുന്നത്.
പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ കൈവശമായിരുന്ന കൽവർട്ടായിരുന്നു ഇതെന്നും കഴിഞ്ഞ പ്രളയത്തിൽ അപകടാവസ്ഥയിലായതിനെ തുടർന്ന് പാലം നിർമാണത്തിന് അപേക്ഷ നൽകിയിരുന്നതായും പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി. എൻജിനീയർ സന്തോഷ് പറഞ്ഞു.