ചവറ: ചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ പുരുഷാംഗനമാരുടെ ചമയവിളക്ക് ഉത്സവം ഇന്ന് സമാപിക്കും. ഇന്നലെ വ്രതശുദ്ധിയോടെ കാര്യസിദ്ധിക്കായി വിളക്കെടുക്കാൻ ആയിരങ്ങളാണ് എത്തിയത്. കണ്ണെഴുതി പൊട്ട് തൊട്ട് മുല്ലപ്പൂ ചൂടി കേരളീയ വേഷം ധരിച്ചാണ് ഭൂരിഭാഗം പേരും ഭക്തിപൂർവ്വം വിളക്കെടുക്കാൻ എത്തിയത്.
എല്ലാ തവണയും പോലെ ഇത്തവണയും ക്ഷേത്രപരിസരങ്ങളിലെ കടകളിലും വീടുകൾ കേന്ദ്രീകരിച്ചും താൽക്കാലിക മേക്കപ്പ് ശാലകളും സ്റ്റുഡിയോകളും ഉയർന്നിരുന്നു. ഇന്നലെ രാവിലെ മുതൽ പല ദേശങ്ങളിൽ നിന്നായി നൂറ് കണക്കിന് ഭക്തരാണ് ക്ഷേത്രപരിസരങ്ങളിലെ വീടുകളിലും ലോഡ്ജുകളിലുമായി എത്തിയത്.
രാത്രി എട്ടരയോടെ ക്ഷേത്രപരിസരം പുരുഷാംഗനമാരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. വേഷപകർച്ചയിൽ കുട്ടികൾ മുതൽ വൃദ്ധൻമാർ വരെ വിളക്കെടുക്കാനെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തുന്നത് ആയിരക്കണക്കിനാളുകളാണ്. ഇതിൽ ഏറെയും സ്ഥിരമായി ചമയവിളക്ക് എടുക്കുന്നവരുമുണ്ട്.
ഗൾഫ് നാടുകളിലും അന്യസംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന മലയാളികൾ ചമയവിളക്കെടുക്കാൻ മാത്രം അവധിയെടുത്തു എത്തിയവരും നിരവധി പേരാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്ന ആള്ക്കാര് വരെ പെണ്ണായി വേഷവിധാനം ചെയ്ത് വിളക്കെടുക്കുമ്പോള്‍ അതൊരു വിശ്വാസത്തിന്റെ ഉത്സവമായി മാറുകയാണ്.
വിളക്കെടുപ്പ് കാണാന്‍ ധാരാളം ഭക്തർ എത്തിയതോടെ ക്ഷേത്രാങ്കണം അക്ഷരാര്‍ഥത്തില്‍ ജനനിബിഡമായി മാറി. പുരുഷാംഗനമാർ അണിഞ്ഞൊരുങ്ങി ക്ഷേത്രത്തിലെത്തി ശ്രീകോവിലിനുമുന്നിൽ നിന്ന് വിളക്കു കത്തിച്ച് പ്രദക്ഷിണം വച്ചതിന് ശേഷം വിളക്കുമായി കുഞ്ഞാലിമൂട് മുതൽ ആറാട്ട് കടവ് വരെ റോഡിനിരുവശത്തുമായി വരിവരിയായി നിന്നു.
വിളക്കുകണ്ട് തൃപ്തയായ ദേവിയുടെ അനുഗ്രഹം വാങ്ങിയതിനുശേഷമാണ് ഭക്തർ വീടുകളിലേക്ക് മടങ്ങിയത്.
ഓരോ വർഷവും ചമയവിളക്കെടുക്കാൻ എത്തുന്ന പുരുഷാംഗനമാരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. ഇന്നലെത്തെ ഉത്സവം നടത്തിയത് ചവറ,പുതുക്കാട് കരക്കാരാണ്.
സമാപന ദിവസമായ ഇന്ന് കുളങ്ങര ഭാഗം ,കോട്ടയ്ക്കകം കരക്കാരുടെ നേത്യത്വത്തിൽ ഉത്സവം നടക്കും.രാത്രി 8 ന് സേവ ,11 മുതൽ സംഗീതസദസ്സ് ,12 ന് ശ്രീഭൂതബലി ,പുലർച്ചെ 3ന് ചമയവിളക്ക് ,5ന് ആറാട്ട് എന്നിവ നടക്കും.