കോഴിക്കോട്: ചിന്താവളപ്പിനും കോട്ടപ്പറമ്പിനും ഇടയിലെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റേത് കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നടുവട്ടം സ്വദേശി രാജനെ(70)യാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. വാരിയെല്ല് പൊട്ടി ദേഹത്ത് പരുക്കുകളേറ്റ് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് പോലീസ് കൊലപാതകമാണെന്ന നിഗമനത്തിലെത്തിയത്.
ഇതേതുടര്‍ന്ന് പ്രദേശത്തെ സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. രാജനുമായി ആര്‍ക്കെങ്കിലും ശത്രുതയുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്. മരിക്കുന്നതിന് മുമ്പ് രാജനുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് .
കസബ സിഐ ഹരിപ്രസാദാണ് കേസ് അന്വേഷിക്കുന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് രാജന് യാത്ര ചെയ്ത സൈക്കിളും മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തിരുന്നു. ഇക്കാരണങ്ങളാല്‍ മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതാണോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
ഈസ്റ്റ് കോട്ടപ്പറമ്പ് അല്‍ മുബാറഖ് ബില്‍ഡിംഗിന് താഴെ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. നഗരത്തില്‍ പെയ്ന്റിംഗ് ജോലിയും ആക്രിസാധന വില്പനയും നടത്തിയിരുന്ന ബേപ്പൂര്‍ നടുവട്ടം സ്വദേശി രാജന്(70) ആണ് മരിച്ചത്. ഇയാളുമായി ബന്ധപ്പെട്ടുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
അതേസമയം ഈസ്റ്റ് കോട്ടപ്പറമ്പില്‍ നേരത്തെയും കൊലപാതകം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 ന് കോട്ടപറമ്പ് ആശുപത്രിയ്ക്കു മുന്നിലെ ഈസ്റ്റ് കോട്ടപ്പറമ്പ് സ്വദേശി സിയ (45) യെ ഗുരുതരപരുക്കുകളോടെ ഈസ്റ്റ് കോട്ടപ്പറമ്പ് വട്ടക്കിണറിനു സമീപത്തെ കടയുടെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. മരണം കൊലപാതകമെന്ന് പോലീസിന് ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. തലക്കേറ്റ ക്ഷതമാണ് സിയയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ കേസിലെ പ്രതിയെ പിടികൂടാന്‍ പോലീസിനായിട്ടില്ല.