തൊടുപുഴ: ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച കോട്ടപ്പാറയെന്ന മലയോര മേഖലയിലെ ദൃശ്യഭംഗി സന്ദർശകർക്ക് അന്യമാകുന്നു. സമൂഹ മാധ്യമങ്ങളിൽ കോട്ടപ്പാറയുടെ ദൃശ്യങ്ങൾ കണ്ട് കാഷ്മീരിലോ കൊടൈക്കനാലിലോ ആണ് ഈ സ്ഥലം എന്ന് തെറ്റിദ്ധരിച്ചവർ ഒട്ടേറെ. കോട്ടപ്പാറയെക്കുറിച്ചറിഞ്ഞ് ഇവിടേക്ക് ദിവസേന എത്തുന്നത് നൂറുകണക്കിന് കാഴ്ചക്കാരാണ്.
പുലർകാലത്തിൽ പ്രകൃതി മഞ്ഞു പുതച്ചുറങ്ങുന്ന മനോഹര കാഴ്ച കോട്ടപ്പാറ മലയുടെ മുകളിൽ നിന്നു കാണാൻ ഇവിടേക്ക് സന്ദർശക പ്രവാഹമാണ്.തണുത്ത പ്രഭാതങ്ങളിൽ മഞ്ഞിന്റെ മാസ്മരിക ദൃശ്യമാണ് കോട്ടപ്പാറ സമ്മാനിക്കുന്നത്. എന്നാൽ കോട്ടപ്പാറയുടെ വിനോദ സഞ്ചാര സാധ്യതകൾക്ക് മങ്ങലേൽപ്പിച്ച് വനം വകുപ്പ് ഇവിടേക്കുള്ള പ്രവേശനം നിഷേധിച്ച് ഇന്നലെ ബോർഡ് സ്ഥാപിച്ചു. മേഖലയിൽ അതിക്രമിച്ചു കടന്നാൽ ശിക്ഷാർഹരാണെന്ന മുന്നറിയിപ്പു ബോർഡാണ് വനം വകുപ്പ് ഇവിടെ സ്ഥാപിച്ചത്.
തൊടുപുഴയ്ക്കു സമീപത്തെ വണ്ണപ്പുറത്തു നിന്നും മുള്ളരിങ്ങാട് റൂട്ടിൽ മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടപ്പാറയിലെത്താം. കോട്ടപ്പാറ കുരിശു പള്ളിക്കു സമീപത്തു നിന്നും ഒന്നര കിലോമീറ്റർ നടന്നാൽ സഞ്ചാരികൾക്ക് വിരുന്നേകുന്ന ദൃശ്യഭംഗി വീക്ഷിക്കാനാവും. മഞ്ഞിന്റെ പുതപ്പ് മെല്ലെ മെല്ലെ പ്രകൃതി നീക്കുന്ന ദൃശ്യഭംഗി കാണാൻ പുലർച്ചെ തന്നെ എത്തണമെന്നു മാത്രം.
കോട്ടപ്പാറയുടെ ദൃശ്യചാരുത കാലങ്ങളായി ഉണ്ടെങ്കിലും ഈ സ്ഥലത്തെക്കുറിച്ച് പുറംലോകമറിയുന്നത് അടുത്ത കാലത്താണ്. സാധാരണയായി സമീപവാസികൾ മാത്രമാണ് ഇവിടെ പുലർകാലദൃശ്യഭംഗി വീക്ഷിക്കാനെത്തിയിരുന്നത്. എന്നാൽ സോഷ്യൽമീഡിയയിലൂടെയും മറ്റു മാധ്യമങ്ങൾ വഴിയും ഈ മനോഹര സ്ഥലത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞതോടെയാണ് ഇവിടേക്ക് സഞ്ചാരികൾ കൂട്ടത്തോടെയെത്താൻ തുടങ്ങിയത്.
നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളിലും മറ്റുമായി കൂട്ടമായാണ് യുവാക്കളും കുടുംബങ്ങളും കോട്ടപ്പാറയുടെ പുലർകാല കാഴ്ച ആസ്വദിക്കാൻ എത്തിയിരുന്നത്. പോലീസിനു പോലും സന്ദർശകരെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ. തൊടുപുഴയിൽ നിന്നും 20 കിലോമീറ്ററും മൂവാറ്റുപുഴയിൽ നിന്നും 25 കിലോമീറ്ററും കോതമംഗലത്തു നിന്നും 27 കിലോമീറ്ററും യാത്ര ചെയ്താൽ കോട്ടപ്പാറയിലെത്താം.
ദൂര പ്രദേശങ്ങളിൽ നിന്നു വരെ കോട്ടപ്പാറയുടെ പ്രത്യേകതകൾ കേട്ടറിഞ്ഞ് സന്ദർശകർ എത്തിയിരുന്നു. വർഷങ്ങൾക്ക് മുൻപ് ഇവിടെ പവലിയൻ സ്ഥാപിക്കാൻ വണ്ണപ്പുറം പഞ്ചായത്ത് ശ്രമം നടത്തിയെങ്കിലും പിന്നീട് ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. കാളിയാർ ഫോറസ്റ്റ് റേഞ്ചിനു കീഴിൽ വരുന്ന മേഖലയാണ് കോട്ടപ്പാറ.
ഇവിടെ പതിയിരിക്കുന്ന അപകട സാധ്യത കണക്കിലെത്താണ് സന്ദർശകർക്ക് നിരോധനമേർപ്പെടുത്തിയതെന്നാണ് വനം വകുപ്പ് പറയുന്നത്. കൂടാതെ ടൂറിസം സാധ്യതകൾ മുന്നിൽക്കണ്ട് വനഭൂമി കൈയേറാനുള്ള സാധ്യതകളും വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
തിരക്ക് നിയന്ത്രിക്കാനാണ് ഇവിടേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ നിയന്ത്രണങ്ങൾ കർശനമായാൽ കോട്ടപ്പാറയുടെ ടൂറിസം സാധ്യതകൾക്ക് ഇത് മങ്ങലേൽപ്പിക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ ഈ ദൃശ്യഭംഗി ആസ്വദിക്കാനുള്ള ക്രമീകരണം വനം വകുപ്പ് ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.