കൊട്ടാരക്കര: രണ്ടാഴ്ചയായി വാഹനാപകടങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കൊട്ടാരക്കരയിൽ വീണ്ടും അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
തിരുവനന്തപുരം സ്വദേശി ശരത് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിനീത്, ആദർശ് എന്നിവർക്കാണ് പരിക്കുപറ്റിയത്.ഇന്ന് പുലർച്ചെ 5.30ന് എംസി റോഡിൽ മൈലത്തായിരുന്നു അപകടം.
റോഡരുകിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ അടൂർ ഭാഗത്തേക്ക് പോയ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ ഉണ്ടായിരുന്നവർ റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു.
ബൈക്കോടിച്ചിരുന്ന ശരത് സംഭവസ്ഥലത്ത് മരിച്ചു. മറ്റു രണ്ടു പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികർക്ക് ഹെൽമെറ്റുണ്ടായിരുന്നില്ല
കഴിഞ്ഞ രണ്ടാഴ്ചയായി എംസി റോഡിലും ദേശീയ പാതയിലുമായി പത്തോളം അപകടങ്ങൾ നടന്നു കഴിഞ്ഞു. മുൻപുണ്ടായ അപകടങ്ങളിൽ രണ്ടു പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയുമുണ്ടായിട്ടുണ്ട്.