കൊട്ടാരക്കര ചിരട്ടക്കോണം, പനവേലി ഭാഗങ്ങളിൽ മോഷ്ടാക്കൾ വിലസുന്നു, ഒരു മാസത്തിനിടയിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ നടന്നത് പത്ത് മോഷണങ്ങൾ. രാത്രിയിൽ മോഷ്ടാക്കളുടെ ശല്യമേറിയിട്ടും പൊലീസ് ഈ വഴി തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി.
പനവേലി- ചിരട്ടക്കോണം റോഡരികിലുള്ള ആരണ്യകത്തിൽ കെ.സുഭാഷിന്റെ വീട്ടിലാണ് ഒടുവിൽ മോഷണം നടന്നത്. 19ന് സുഭാഷും വീട്ടുകാരും മൂന്നാറിൽ പോയിരുന്നതാണ്. പിറ്റേദിവസം ഉച്ചയോടെ തിരികെ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ പൊളിച്ച് മോഷ്ടാക്കൾ കയറിയ വിവരം അറിയുന്നത്.
അകത്ത് കടന്ന മോഷ്ടാക്കൾ അലമാരയും മറ്റും കുത്തിപ്പൊളിച്ചിട്ടുണ്ട്. സാധനങ്ങൾ വാരിവലിച്ചിട്ടിരുന്ന നിലയിലാണ്. കൊട്ടാരക്കര പോലീസും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി.കെ.എസ്.സദനത്തിൽ സേതുനാഥൻ, വൈ.ബി.ഭവനിൽ യശോധരൻ, കണിയാരുവീട്ടിൽ റോസമ്മ, പത്തീലഴികത്ത് വീട്ടിൽ പ്രദീപ്, ഹർഷാലയത്തിൽ കെ.ഷാജി, പത്മവിലാസത്തിൽ ഗിരിജാദേവി, തലച്ചിറ ജിൻസി ഭവനിൽ സാമുവൽ മത്തായി എന്നിവരുടെ വീടുകളിലും ഒരു മാസത്തിനുള്ളിൽ മോഷണം നടന്നിരുന്നു.
ലാപ് ടോപ്, കമ്പ്യൂട്ടർ, ടി.വി തുടങ്ങിയവ അപഹരിച്ചിരുന്നു. ആളില്ലാത്ത വീടുകളിലാണ് മോഷ്ടാക്കൾ എത്താറുള്ളത്. ഒരു ദിവസം വീട്ടിൽ ഇല്ലെങ്കിൽ കൂടി മോഷ്ടാക്കൾ എത്തുന്നതിനാൽ പരിസരവാസികൾക്ക് മോഷണത്തിൽ പങ്കുണ്ടോയെന്നും സംശയിക്കുന്നു. എല്ലാ വീടുകളിലും മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്.
വെട്ടിക്കവല, ചിരട്ടക്കോണം, തലച്ചിറ, പനവേലി ഭാഗങ്ങളിൽ വർഷങ്ങളായി മോഷ്ടാക്കളുടെ ശല്യം ഉള്ളതിനാൽ സ്വർണവും പണവും വീടുകളിൽ വച്ചിട്ട് ആരും പുറത്ത് പോകാറില്ല. മുളക് പൊടിയും മഞ്ഞൾപ്പൊടിയും വിതറിയിട്ടാണ് മോഷ്ടാക്കൾ മടങ്ങാറുള്ളത്. പോലീസ് നായ മണംപിടിക്കാതിരിക്കാനുള്ള സൂത്രമാണിതെന്നാണ് നിഗമനം.
രാത്രിയിൽ ലൈറ്റിടാത്ത വീടുകളിൽ ബെല്ലടിക്കാറുണ്ട്. ആളുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ ഓടി രക്ഷപെടും. ആളില്ലെന്ന് വ്യക്തമായാൽ കതക് പൊളിക്കുന്നതാണ് രീതി. മോഷണം പെരുകിയതോടെ നാട്ടുകാർ റൂറൽ എസ്.പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. രാത്രിയിൽ പട്രോളിംഗ് ശക്തമാക്കണമെന്നും ജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.