കൊട്ടാരക്കര: നഗരസഭ ഇൻഡ്യയിലെ രണ്ടാമത്തെ ഡിജിറ്റൽ നഗരസഭയായി മാറാനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്പോൾ നഗരം മാലിന്യം നിറഞ്ഞ് ദുഷിച്ച് നാറുന്നു. മാലിന്യ നീക്കം നിലയ്ക്കുകയും സംസ്ക്കരണ പ്ലാന്റ് നിർമാണം എങ്ങും എത്താതെയുമായതോടെയാണ് നഗരം മൊത്തത്തിൽ മാലിന്യകൂന്പാരമായി മാറിയത്. ടൗണിലെ മാലിന്യ നീക്കം നിലച്ചിട്ട് ഒരു വർഷത്തിലധികമായി.
സേവനവേതന വർധനവില്ലാത്തതിനാൽ തൊഴിലാളികളിൽ നല്ലൊരു വിഭാഗം ജോലി ഉപേക്ഷിക്കുകയും ചെയ്തു. ഉഗ്രംകുന്നിലെ പഴയ മാലിന്യ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിട്ട് 10 വർഷത്തിലധികമായി. നഗരത്തിലെ മാലിന്യം ഉഗ്രം കുന്നിൽ എത്തിച്ച് കത്തിക്കുകയായിരുന്നു ചെയ്തിരുന്നത്.
മാലിന്യ നീക്കം നിലച്ചതോടെ ഇപ്പോൾ ഇത് നടക്കുന്നില്ല. നഗരത്തിലെ പ്രധാന റോഡരുകുകളിലും ഇടറോഡുകളിലുമെല്ലാം മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മാലിന്യം രാത്രി കാലങ്ങളിൽ പൊതു നിരത്തുകളിലേക്ക് വലിച്ചെറിയാറുണ്ട്. ഇറച്ചി മാലിന്യം ഉൾപ്പടെ തോടുകളിലും ജലാശയങ്ങളിലും ഇടറോഡുകളിലും വലിച്ചെറിയുന്നു.
ടൗണിലെ പല ഭാഗങ്ങളിലും പൊതുനിരത്തുകളിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പടെ കത്തിച്ചു വരുന്നുണ്ട്. ഇത് പരിസര മലിനീകരണവും സൃഷ്ടിക്കുന്നു. ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന കെഎസ്ആർടിസി യുടെയും സ്വകാര്യ ബസ് സ്റ്റാന്റിന്റെയും ഈ ഭാഗങ്ങളിൽ മാലിന്യം കെട്ടി കിടക്കുന്നുണ്ട്.
വേനൽ മഴ പെയ്തതോടെ അഴുകിയ മാലിന്യത്തിന്റെ ദുർഗന്ധമാണ് ബസ് സ്റ്റാന്റുകളിലും പരിസരങ്ങളിലും. മൂക്ക് പൊത്താതെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇവിടെ. പ്രമുഖ വാണിജ്യ കേന്ദ്രമായ കൊട്ടാരക്കര ചന്തയിലും പരിസരങ്ങളിലും ഒഴുകിയ മാലിന്യത്തിന്റെ ദുർഗന്ധം അസഹനീയമാണ്. കൊട്ടാരക്കര പഞ്ചായത്തായിരുന്നപ്പോൾ ഉഗ്രംകുന്നിൽ ആധുനിക രീതിയിലുള്ള മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനമെടുത്തിരുന്നു.
തീരുമാനമെടുത്തിട്ട് 10 വർഷത്തിലധികമായെങ്കിലും നിർമാണം നടന്നില്ല. കേന്ദ്ര ഫണ്ട് ഉൾപ്പടെ തുക അനുവദിക്കുകയും നിർമാണം കരാർ നിൽകുകയും ചെയ്തിരുന്നു. എന്നാൽ കരാറുകാരൻ നാല് തൂണുകൾ കെട്ടിയിട്ട് പണി ഉപേക്ഷിച്ചു. ഇതിനെതിരെ നടപടി സ്വീകരിക്കുകയോ നിർമാണം പൂർത്തിയാക്കുന്നതിനുള്ള നീക്കങ്ങൾ നടത്തുകയോ മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതികൾ ചെയ്തിട്ടില്ല.
നഗരസഭയായി മാറിയപ്പോഴും ആധുനിക സംസ്ക്കരണ കേന്ദ്രം നിർമിക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. രണ്ടര വർഷമായിട്ടും വാഗ്ദാനം വാഗ്ദാനമായിതന്നെ നിലനിൽക്കുന്നു. ഉറവിട മാലിന്യ സംസ്ക്കരണം നടപ്പിലാക്കുമെന്നും ഗാർഹിക ബയോഗ്യാസ് പ്ലാന്റ് വീടുകളിൽ സ്ഥാപിക്കുമെന്നും പലതവണ പ്രഖ്യാപനം നടത്തിയിരുന്നു.
ഒന്നും യാഥാർഥ്യമായിട്ടില്ല. നഗരത്തിന്റെ മുക്കും മൂലയും ദുഷിച്ച് നാറിയിട്ടും നഗരസഭാ അധികൃതർ അറിഞ്ഞമട്ട് നടിക്കുന്നില്ല. മഴക്കാലമാകുന്പോൾ കൊതുകുകളുടെ പ്രജനന കേന്ദ്രമായി ഇവിടം മാറും.
മുൻ വർഷങ്ങളിലെപ്പോലെ പകർച്ചാ വ്യാധികൾ പടർന്നു പിടിക്കുമെന്ന കാര്യത്തിലും തർക്കമില്ല. ഡിജിറ്റൽ പേമെന്റ് നഗരസഭയായി മാറുന്നതിന്റെ പരിശീലനം ഇപ്പോൾ നടന്നുവരികയാണ്. അടിസ്ഥാന പ്രശ്നങ്ങൾ മറന്നുകൊണ്ടുള്ള ആധുനിക വൽക്കരണംകൊണ്ട് എന്തു പ്രയോജനമെന്ന് നഗരവാസികൾ ചോദിക്കുന്നു.