ഗാന്ധിനഗര്‍: പോലീസ് പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരം ബാബുവിനെ റിമാന്‍ഡ് ചെയ്തു.കോവിഡ് പശ്ചാത്തലത്തില്‍ പരോള്‍ ഇളവുകളെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് മോഷ്ടാക്കള്‍ തമ്പടിക്കുന്നതായുള്ള സ്പെഷല്‍ പരിശോധനയിലാണു തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ കൊട്ടാരം ബാബു (52) പോലീസ് പിടിയിലായത്.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അപേക്ഷ നല്‍കുമെന്ന് ഗാന്ധിനഗര്‍ എസ്എച്ച്ഒ സുഭാഷ് വി. നായര്‍ പറഞ്ഞു.മെഡിക്കല്‍ കോളജില്‍ സൗജന്യമായി ഭക്ഷണം ലഭ്യമാകുന്നതാണു മോഷ്ടാക്കള്‍ തമ്പടിക്കാന്‍ കാരണമെന്നു പോലീസ് പറയുന്നു.
പല ജയിലുകളില്‍നിന്നായി എത്തിയ ധാരാളം കുപ്രസിദ്ധ കുറ്റവാളികള്‍ മെഡിക്കല്‍ കോളജ് പരിസരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.ഗാന്ധിനഗര്‍ പരിസരത്തെ വിവിധ ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികള്‍ തകര്‍ത്ത് പണം മോഷ്ടിക്കുന്നത് ഇക്കൂട്ടരാണ്.
കഴിഞ്ഞ ഒരു മാസമായി കൊട്ടാരം ബാബു, കാര്‍ത്തികപ്പള്ളി സ്വദേശിയായ മോഷ്ടാവ് തീവെട്ടി ബാബുമൊത്ത് മെഡിക്കല്‍ കോളജ് പരിസരത്ത് താമസിക്കുകയായിരുന്നു. കൊട്ടാരം ബാബുവിനെ ചോദ്യം ചെയ്തപ്പോഴാണു കോട്ടയം നഗരത്തിലെ ഒരു സമ്പന്നന്റെ വീട് കുത്തിതുറന്നു മോഷണം നടത്താന്‍ പദ്ധതിയിട്ടുരുന്നതായി വിവരം ലഭിച്ചത്.
ജയിലില്‍ കഴിയുമ്പോള്‍ കോവിഡിന്റെ പേരില്‍ പരോളില്‍ ഇറങ്ങി മോഷണം ആരംഭിച്ചത്. മോഷ്ടിച്ചു കിട്ടുന്ന പണംകൊണ്ട് ലോഡ്ജുകളില്‍ ശീതികരിച്ച മുറികള്‍ എടുത്ത് ആര്‍ഭാട ജീവിതം നയിക്കുകയാണ് രീതി. പല കേസുകളില്‍ നിരവധി ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
35 വര്‍ഷമായി മോഷണം നടത്തി വരുന്ന പ്രതിക്കു കേരളത്തിലെ വിവിധ ജില്ലകളില്‍ വിവിധ സ്റ്റേഷനുകളില്‍ 200ല്‍ അധികം കേസുകളുണ്ട്. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐമാരായ ഹരിദാസ്, സജിമോന്‍, എഎസ്ഐ പി.വി. മനോജ്, സിപിഒമാരായ ബാബു, പ്രവീണ്‍ പി. നായര്‍, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.