അഗളി : കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും രേഖകളും കന്പ്യൂട്ടർ വിവരങ്ങളും ചോർത്താൻ ശ്രമിച്ചതായി പരാതി.നിലവിൽ ഓഫീസ് അസിസ്റ്റന്റ് ആയി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന നഴ്സിംഗ് അസിസ്റ്റന്റും മുൻ അക്കൗണ്ടന്റായി ജോലി നോക്കിയിരുന്ന ആളും ചേർന്നാണ് രേഖകൾ ചോർത്തിയത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ഓഫീസ് താക്കോൽ കരസ്ഥമാക്കി ഇരുവരും ചേർന്ന് രേഖകൾ കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
ജോലിയിൽ നിന്നും ഒരു മാസം മുൻപ് രാജിവച്ചുപോയ ആളും നഴ്സിംഗ് അസിസ്റ്റന്റും ഓഫീസിൽ പരിശോധന നടത്തുന്നതു ശ്രദ്ധയിൽപെട്ട ജീവനക്കാർ ബഹളം വച്ചതോടെയാണ് ഇരുവരും പുറത്തുകടന്നത്.
മുറി ഉള്ളിൽ നിന്നും കുറ്റിയിട്ട ശേഷമായിരുന്നു പരിശോധന. കോട്ടത്തറ ആശുപത്രിയിലെ സാന്പത്തിക ഇടപാടുകൾ വിജിലൻസ് അന്വേഷിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കന്പ്യൂട്ടറിലെ വിവരങ്ങളും മറ്റു രേഖകളും അപഹരിക്കാൻ ശ്രമിച്ചത്. എന്നാൽ ഇതു സംബന്ധിച്ച് ഇതുവരെ ആരോഗ്യവകുപ്പ് പോലീസിൽ പരാതി നൽകിയിട്ടില്ല.
രേഖകൾ ഒന്നും തന്നെ നഷ്ടപ്പെടാൻ സാധ്യതയില്ലെന്നും ഇതു സംബന്ധിച്ചു ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൾ റഹ്്മാൻ പറഞ്ഞു.