ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ അത്യാധുനിക പൊള്ളൽ ചികിത്സാ കേന്ദ്രത്തിനു തുടക്കമായി.
ദക്ഷിണേന്ത്യയിൽ തന്നെ സർക്കാർ ആശുപത്രികളിൽ ആദ്യത്തെ സംരംഭമാണ് കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചത്.
മുന്പ് 35 ശതമാനംവരെ പൊള്ളലേറ്റ് വരുന്ന രോഗികളെ ചികത്സിച്ചു ഭേദമാക്കുവാൻ കഴിഞ്ഞിരുന്നു.
ആധുനിക സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന പുതിയ പൊള്ളൽ ചികിത്സാ കേന്ദ്രത്തിൽ 85 ശതമാനംവരെ പൊളളലേറ്റു വരുന്ന രോഗികളെയും ചികിത്സിച്ചു ഭേദമാക്കുവാൻ കഴിയും.
അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് പൊള്ളൽ വിഭാഗം പ്രവർത്തിക്കുന്നത്.
ഇതോടനുബന്ധിച്ച് ശസ്ത്രക്രിയ മുറി, വെന്റിലേറ്റർ സൗകര്യം, ജനറൽ വാർഡ്, തീവ്രപരിചരണ വിഭാഗം, രോഗികൾക്കുതകുന്ന രീതിയിലുള്ള ശൗചാലയം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
അത്യാധുനിക സൗകര്യങ്ങളോടെ അഞ്ച് കിടക്കകളാണ് ഇപ്പോഴുള്ളത്. പൊള്ളലേറ്റു വരുന്ന രോഗികളെ ആദ്യം ജനറൽ വാർഡിൽ പ്രവേശിപ്പിക്കും.
തുടർന്ന് പരിശോധനയിലൂടെ രോഗിയുടെ പൊള്ളലിന്റെ തീവ്രതയനുസരിച്ചുള്ള ചികിത്സയാണു നൽകുന്നത്.
രോഗിയുടെ ശരീരത്തിൽ സ്പർശിക്കാതെ തന്നെ ദേഹശുചീകരണത്തിനുള്ള സംവിധാനവും ഉണ്ട്. വെള്ളത്തിന്റെ താപനില ക്രമീകരിക്കുവാനും കഴിയും.
ഇതോടനുബന്ധിച്ച് ത്വക്ക് ബാങ്ക്, രക്ത ബാങ്ക്, കൃത്രിമ അവയവ നിർമാണം എന്നിവ കൂടി വന്നാൽ പ്രവർത്തനം പൂർണതോതിലാകും. സമീപ ഭാവിയിൽ ഇവയും തുടങ്ങും.
പൊള്ളൽ ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ നിർവഹിച്ചു. പ്ലാസ്റ്റിക് സർജറി മേധാവി ഡോ. ലക്ഷ്മി, ആർഎംഒ ഡോ.ആർ.പി. രഞ്ജിൻ എന്നിവർ പ്രസംഗിച്ചു.