വൈപ്പിൻ: കൊച്ചി കായലിൽ കുട്ടവഞ്ചിക്കാർ നടത്തിവരുന്ന അശാസ്ത്രീയ മത്സ്യബന്ധനം അവസാനിപ്പിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അഖില വൈപ്പിൻ ചെറുവഞ്ചി തൊഴിലാളി സംഘം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊട്ടവഞ്ചിക്കാർ ഉപയോഗിക്കുന്ന വല മൂന്ന് കിലോമീറ്റർ നീളമുള്ളതാണ്. പുഴ അടച്ചാണ് വല നീട്ടുന്നത്.
ഇതുമൂലം കായലിൽ നിക്ഷേപിക്കുന്ന ചെറുമത്സ്യങ്ങളും ഞണ്ടുകളും അശാസ്ത്രീയമായ മീൻപിടുത്തം മൂലം നശിക്കുന്നുവെന്നാണ് ചെറുവഞ്ചി മത്സ്യതൊഴിലാളികളുടെ ഭാക്ഷ്യം. കായലിൽ ഇപ്പോൾ ഈ അടുത്തകാലത്തുപോലും കണ്ടിട്ടില്ലാത്ത മത്സ്യവറുതിക്ക് കാരണവും ഈ അശാസ്ത്രീയ മത്സ്യബന്ധനം തന്നെയാണെന്നാണ് ചെറുവഞ്ചി മത്സ്യത്തൊഴിലാളികളുടെ വെളിപ്പെടുത്തൽ.
മാത്രമല്ല ഭൂരിഭാഗം പേരും വളരെ അപകടകരമായി കൈക്കുഞ്ഞുങ്ങളുമായാണ് മത്സ്യബന്ധനം നടത്തുന്നത്. ഇതിനിടെ നിരവധി കുഞ്ഞുങ്ങൾ കായലിൽ വീണ് മരിച്ചിട്ടുമുണ്ട്. കൂടാതെ പത്തും 12 ഉം വയസുളള ബാലന്മാരും മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശ പ്രകാരം അശാസ്ത്രീയമായ മത്സ്യബന്ധനം പാടില്ലെന്ന് ഫിഷറീസ് അധികൃതർ നിഷ്കർഷിച്ചിട്ടുള്ളതാണ്.
ഇത് ലംഘിച്ച കൊട്ടവഞ്ചിക്കാരെ ഫിഷറീസ് ഇൻസ്പെക്ടർ നേരിട്ട് എത്തി പിടികൂടിയിട്ടുമുള്ളതാണ്. എന്നാൽ ഇപ്പോൾ ഈ അടുത്തകാലത്തായി ഇവർ വീണ്ടും സജീവമായി അശാസ്ത്രീയ മത്സ്യബന്ധനം നടത്തിവരുകയാണ്. ഇതാകട്ടെ അധികൃതർ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മത്സ്യതൊഴിലാളികൾ ആരോപിച്ചു. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഇ.കെ. കുഞ്ഞപ്പൻ, സെക്രട്ടറി പി.വി.വിനീഷ്, എം.ഡി. രമേശൻ, എം.കെ. ചിന്നപ്പൻ, പി. കെ. കിഷോർ, എ.കെ.പീതാംബരൻ എന്നിവർ സംബന്ധിച്ചു.