കൊട്ടാരക്കര: നാട്ടുകാർ ആശുപത്രിയിലെത്തിച്ച മകൻ മരിച്ച വിവരമറിയിക്കാൻ വീട്ടിലെത്തിയപ്പോൾ അമ്മയേയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
വാളകം പനവേലി മടത്തിയറ കക്കാട് പുത്തൻപുരക്കൽ വീട്ടിൽ ചെല്ലമ്മ (75), മകൻ സന്തോഷ് (45) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ വീടിനുള്ളിൽ അവശനിലയിലായിരുന്ന സന്തോഷിനെ നാട്ടുകാരിൽ ചിലരാണ് ആശുപത്രിയിലെത്തിച്ചത്.
സന്തോഷ് ആശുപത്രിയിൽ മരിച്ചു. വിവരം പോലീസിലറിയിച്ചതിനെ തുടർന്ന് മരണവിവരമറിയിക്കാൻ പോലീസ് വീട്ടിലെത്തിയപ്പോഴാണ് ചെല്ലമ്മയെയും മരിച്ച നിലയിൽ കാണപ്പെട്ടത്.
വിജനമായ പ്രദേശത്ത് ഒറ്റപ്പെട്ട വീട്ടിലാണ് ചെല്ലമ്മയും സന്തോഷും സന്തോഷിന്റെ മകൻ സൂരജും (11) താമസിച്ചു വന്നിരുന്നത്.
അമിത മദ്യപാനത്തിന് അടിമയായിരുന്ന സന്തോഷ് ജോലിക്കൊന്നും പോകാറില്ലായിരുന്നു. വീട്ടുപകരണങ്ങൾ വിറ്റാണ് മദ്യപിച്ചിരുന്നത്.
വരുമാനമില്ലാത്തതിനാൽ മുഴു പട്ടിണിയിലായിരുന്നു കുടുംബം. ചെല്ലമ്മക്ക് ഭക്ഷണവുമായി ആരെങ്കിലും ചെന്നാൽ കതകു തുറക്കാതെ തിരിച്ചയച്ചിരുന്നു. സൂരജ് കൂട്ടുകാരുടെ വീടുകളിൽ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.
ഈ കുട്ടിയെ പോലും ഇയാൾ വീടിനുള്ളിൽ കയറ്റാറില്ലായിരുന്നു. ഇയാളുടെ സ്വഭാവദൂഷ്യം മൂലം ഭാര്യയും ഉപേക്ഷിച്ചു പോയി. ഇന്നലെ രാവിലെ ഇയാളെ അവശനിലയിൽ കണ്ട സൂരജാണ് വിവരം നാട്ടുകാരെ അറിയിക്കുന്നത്.
മരണങ്ങളിൽ അസ്വഭാവികതയില്ലെന്ന് പോലീസ് പറഞ്ഞു. പട്ടിണി മൂലമാണ് ചെല്ലമ്മ മരിച്ചതെന്നും അമിത മദ്യപാനമാണ് സന്തോഷിന്റെ മരണകാരണമെന്നുമാണ് നിഗമനം.