കോട്ടയം: അഭയകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന യുവതി നല്കിയ പീഡന പരാതിയിൽ കോട്ടയത്തെ വനിത പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
കോട്ടയം ഗാന്ധിനഗറിലെ സാന്ത്വനം അഭയ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശിനിയായ യുവതിയാണ് അഭയ കേന്ദ്രം നടത്തിപ്പുകാരിയുടെ ഭർത്താവ് പീഡിപ്പിച്ചതായി കാണിച്ചു മുഖ്യമന്ത്രിക്കും ചൈൽഡ് ലൈനിനും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നല്‍കിയിരിക്കുന്നത്.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തനിക്കു പുറമെ അഭയ കേന്ദ്രത്തിൽ കഴിയുന്ന മറ്റു പെണ്‍കുട്ടികൾക്കു നേരെയും സമാനമായ രീതിയിൽ പീഡന ശ്രമം ഉണ്ടായിട്ടുള്ളതായും പരാതിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ ജൂണ്‍ 23നാണ് യുവതി പരാതി നല്‍കിയത്. ബന്ധുക്കളില്ലാത്ത യുവതി കഴിഞ്ഞ 12 വർഷമായി സാന്ത്വനത്തിലാണ് കഴഞ്ഞിരുന്നത്. തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളാണ് യുവതി പരാതിയിൽ പറയുന്നത്.
ഏതാനും നാളുകൾക്കു മുന്‍പു അഭയ കേന്ദ്രം നടത്തിപ്പുകാരിയുടെ തളർന്നു കിടക്കുന്ന മാതാവിനെ പരിചരിക്കുന്നതിനെന്ന പേരിൽ യുവതിയെ ഇവരുടെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തി. ഇടയ്ക്കിടെ ഈ വീട്ടിൽ ജോലിക്കു പോയിരുന്നതിനാൽ വീട്ടിലേക്കുള്ള ക്ഷണത്തിൽ യുവതിക്കു സംശയം തോന്നിയില്ല.
യുവതി വീട്ടിലെത്തുന്പോൾ നടത്തിപ്പുകാരി ഉണ്ടായിരുന്നില്ല. ഇവരുടെ ഭർത്താവും രോഗാവസ്ഥയിലുള്ള മാതാവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ഇവിടെ വച്ചു നടത്തിപ്പുകാരിയുടെ ഭർത്താവ് പീഡിപ്പിക്കുകയും അശ്ലീല സംഭാഷണങ്ങൾ നടത്തുകയും ചെയ്തതായി പാരതിയിൽ പറയുന്നു. ഇയാളുടെ ശല്യം സഹിക്കാതെ യുവതി ഒടുവിൽ രോഗാവസ്ഥയിലുള്ള വൃദ്ധമാതാവിന്റെ മുറിയിൽ കയറിയിരുന്നാണ് രക്ഷപ്പെട്ടതെന്നും പരാതിയിൽ പറയുന്നു.
പിറ്റേന്നു അഭയ കേന്ദ്രത്തിൽ എത്തിയ യുവതി നടപ്പുകാരിയോടും മറ്റുള്ളവരോടും സംഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ നടത്തിപ്പുകാരിക്കു തന്നോടുള്ള പെരുമാറ്റത്തിൽ മാറ്റമുണ്ടായി.
സമാനമായ രീതിയിൽ മറ്റു പെണ്‍കുട്ടികൾ ഇവരുടെ വീട്ടിലേക്കു മാതാവിനെ ശുശ്രൂഷിക്കുന്നതായി പോകുന്നതോടെയും നടത്തിപ്പുകാരിയുടെ ഭർത്താവ് തുടർച്ചയായി അഭയ കേന്ദ്രത്തിൽ സന്ദർശനം നടത്തുകയും ചെയ്തതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. ഷീജ അനിലിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അഭയ കേന്ദ്രം സന്ദർശിച്ചിരുന്നു. ആരോപണമുയർന്നതിനാൽ ഇവിടെ കഴിഞ്ഞിരുന്ന 17 പെണ്‍കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ട് മറ്റൊരു അഭയ കേന്ദ്രത്തിലേക്കു മാറ്റി.
പെണ്‍കുട്ടികളിൽ നിന്നും വിശദമായി വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പോലീസിന്റെ വിശദമായ അന്വേഷണത്തിനുശേഷമേ കുട്ടികളെ തിരികെ സാന്ത്വനത്തിലേക്കു അയയ്ക്കണോ വേണ്ടയോയെന്നു കാര്യം തീരുമാനിക്കുകയോള്ളു.
പെണ്‍കുട്ടികളിൽ നിന്നു ലഭിച്ചത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ പോലീസ് ചീഫിനു കൈമാറുകയും ചെയ്തിട്ടുണ്ട്.