സി.സി.സോമൻ
കോട്ടയം: കോട്ടയം-ആലപ്പുഴ റൂട്ടിൽ എസി അതിവേഗ ബോട്ട് വരുന്നു. അടുത്ത മാസം അവസാനത്തോടെ ബോട്ട് കോട്ടയത്ത് എത്തുമെന്നാണ് ജലഗതാഗത വകുപ്പ് ജീവനക്കാരുടെ പ്രതീക്ഷ. ഇതോടൊപ്പം വകുപ്പ് ഉടൻ പുറത്തിറക്കുന്ന അഞ്ച് പുതിയ ബോട്ടുകളിൽ ഒരെണ്ണം കോട്ടയത്തിനു ലഭിച്ചേക്കും.
ഇതോടെ കോട്ടയം-ആലപ്പുഴ റൂട്ടിൽ വിദേശ, സ്വദേശ വിനോദ സഞ്ചാരികളുടെയും മറ്റു യാത്രക്കാരുടെയും എണ്ണം വർധിക്കാനാണ് സാധ്യത. ഇപ്പോൾ മൂന്നു ബോട്ടുകളാണ് സർവീസ് നടത്തുന്നത്. കോട്ടയത്തു നിന്ന് രണ്ടു ബോട്ടുകൾ പള്ളം വഴിയും ആലപ്പുഴയിൽ നിന്ന് ഒരു ബോട്ട് കാഞ്ഞിരം വരെയുമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
കോടിമതയ്ക്കും കാഞ്ഞിരത്തിനും ഇടയ്ക്കുള്ള ചുങ്കത്ത് മുപ്പത് പാലം തകരാറിലായതോടെയാണ് പള്ളം വഴി സർവീസ് മാറ്റി വിട്ടത്. കാഞ്ഞിരം സ്കൂളിലെ വിദ്യാർഥികൾക്കു വേണ്ടിയാണ് ആലപ്പുഴയിൽ നിന്നുള്ള ഒരു ബോട്ട് കാഞ്ഞിരം വരെയെത്തുന്നത്.
കായൽ മേഖലയിൽ നിന്നും വെട്ടിക്കാട്ടുനിന്നുമൊക്കെയുള്ള വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ മറ്റു മാർഗമില്ല. ബോട്ട് സർവീസ് പള്ളംവഴിയാക്കിയതോടെ കോട്ടയം-ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ടു ബോട്ടുകളുടെ കളക്ഷനും കുറഞ്ഞു. മുൻപ് മൂന്നു ബോട്ടുകൾക്കുമായി ദിനംപ്രതി 9000 മുതൽ 14000 രൂപ വരെയുണ്ടായിരുന്നു.
ഇന്ന് പള്ളം വഴി പോകുന്ന രണ്ടു ബോട്ടുകൾക്ക് ദിവസം 2500 മുതൽ 4000 രൂപയാണ് കളക്ഷൻ. ചുങ്കത്ത്മുപ്പത് പാലം തകരാറിലായിട്ട് ഒൻപത് മാസമായി. 60 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച പാലത്തിന്റെ തകരാർ പരിഹരിക്കാൻ ഒരു സ്ഥാപനം വൻതുക ചോദിച്ചതാണ് തടസമായി നിൽക്കുന്നത്. നഗരസഭയാണ് തകരാർ പരിഹരിക്കേണ്ടത്.
എസി അതിവേഗ ബോട്ട് വരുന്പോഴും പാലത്തിന്റെ തകരാർ പരിഹരിക്കുന്നില്ലെങ്കിൽ പള്ളം വഴി സർവീസ് നടത്താനാണ് ആലോചന. കോട്ടയം -ആലപ്പുഴ ബോട്ട് ചാർജ് 18 രൂപയാണ്. രണ്ടു മണിക്കൂർ കൊണ്ട് ബോട്ട് ആലപ്പുഴയിൽ എത്തും. മനോഹരമായ കായൽകാഴ്ചകൾ കാണാം പൊടി ശല്യവുമില്ല. അതേ സമയം കോട്ടയം -ആലപ്പുഴ ബസ്ചാർജ് 42 രൂപയാണ്. ഒന്നര മണിക്കൂർ സമയമാണ് ആലപ്പുഴയിലെത്താൻ ബസിനു വേണ്ടിവരുന്നത്.
ബോട്ട് സർവീസിന്റെ സമയം
രാവിലെ 6.45, ഉച്ചയ്ക്ക് ഒരു മണി, വൈകുന്നേരം 5.15. ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്കുള്ള സമയം: 9.30, 2.30, 5.15. കാഞ്ഞിരത്തു നിന്ന് ആലപ്പുഴയിലേക്കുള്ള സമയം: രാവിലെ 4.40, ഉച്ചയ്ക്ക് 12 മണി, വൈകുന്നേരം നാലു മണി. ആലപ്പുഴയിൽ നിന്ന് കാഞ്ഞിരത്തേക്കുള്ള സമയം: രാവിലെ 7.15, 11.30, രാത്രി 9.15.