കോട്ടയം: കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് വീണ്ടും ആരംഭിച്ചു. അഞ്ചുവർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്നു രാവിലെ 10ന് ആദ്യ ബോട്ട് ആലപ്പുഴയ്ക്ക് പുറപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. കൗണ്‍സിലർ കെ.ജെ. സനിൽ, ജലഗതാഗവകുപ്പ് ഡയറകട്ർ ഷാജി വി. നായർ എന്നിവർ സന്നിഹിതരായിരുന്നു.
അഞ്ചു വർഷം മുന്‍പ് കാഞ്ഞിരം പാലം നിർമാണം ആരംഭിച്ചപ്പോൾ ബോട്ട് സർവീസ് കാഞ്ഞിരം ജെട്ടിവരെ സർവീസ് അവസാനിപ്പിക്കുകയായിരുന്നു. കാഞ്ഞിരം പാലം തുറന്നതിനു ശേഷവും കാഞ്ഞിരം മുതൽ കോടിമതവരെയുള്ള അഞ്ച് പൊക്കുപാലങ്ങൾ തുറന്നിട്ടും ചില തടസങ്ങൾ നേരിട്ടതോടെയാണ് ബോട്ടുകൾ ഓടാതിരുന്നത്.
ജലപാതയിലെ യാത്ര സുഗമമാക്കാൻ ചേരിക്കത്തറ, 16ൽചിറ, പാറേച്ചാൽ, കാഞ്ഞിരം, ചുങ്കത്ത് മുപ്പത് എന്നീ പൊക്കുപാലങ്ങളാണ് നവീകരിച്ചത്. ഇതിൽ ചുങ്കത്ത് മുപ്പതിൽ ഇരുന്പുപാലം ഉയർത്തുന്നതിന് ആവശ്യമായ വൈദ്യുതി കണക്ഷൻ ലഭിക്കാത്തതായിരുന്നു ആദ്യതടസം. ഇതേതുടർന്നു ത്രീഫേസ് കണക്ഷൻ സാധ്യമാക്കുന്നതിന് നഗരസഭ 55,800 രൂപ അടച്ച് വൈദ്യുതിയെത്തിച്ചിട്ടും കാലപ്പഴക്കത്താൽ ഇരുന്പുപാലം ഭാഗികമായാണ് ഉയർന്നത്.
ജലഗതാഗതവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ രണ്ടുദിവസം പരിശ്രമിച്ച് പാലം പൂർണമായും ഉയർത്തി സജ്ജമാക്കി. ഇന്നലെ രണ്ടുബോട്ടുകൾ ജലപാതയിലൂടെ സർവീസ് നടത്തി ട്രയൽറണ്‍ പൂർത്തിയാക്കി. രാവിലെ 7.30നും 9.30നും ആലപ്പുഴയിൽനിന്നുള്ള രണ്ടുബോട്ടുകൾ യാത്രക്കാരുമായി കോടിമതയിൽ എത്തിച്ചു.
ആലപ്പുഴ-കോട്ടയം റൂട്ടിൽ മൂന്നു ബോട്ടുകൾ
കോട്ടയം ഡിപ്പോയുടെ രണ്ടും ആലപ്പുഴ ഡിപ്പോയുടെ ഒരു ബോട്ടും ഉൾപ്പെടെ മൂന്നു ബോട്ടുകൾ ആറുട്രിപ്പുകളാണ് നടത്തുന്നത്. പൂലർച്ചെ അഞ്ചിന് കാഞ്ഞിരം ജെട്ടിയിൽ നിന്ന് ആലപ്പുഴയ്ക്കുള്ള ആദ്യസർവീസ് ആരംഭിക്കും. തുടർന്നുളള സർവീസുകൾ കോടിമതയിൽ നിന്നായിരിക്കും. 6.45, 11.30, ഉച്ചകഴിഞ്ഞ് ഒന്ന്, 3.30, 5.15 എന്നിങ്ങനെയാണ് ആലപ്പുഴയ്ക്ക് സർവീസുകൾ. ആലപ്പുഴയിൽ നിന്നും രാവിലെ 7.30, 9.30, 11, ഉച്ചകഴിഞ്ഞ് 2.30, 5.15, 9.15 (കാഞ്ഞിരംവരെ) എന്നിങ്ങനെയാണ് കോട്ടയത്തിനുള്ള സർവീസുകൾ.
കോട്ടയത്തുനിന്നും രണ്ടര മണിക്കൂർ കൊണ്ട് ആലപ്പുഴയിലെത്താം. 19രൂപയാണ് ചാർജ്. ശനി,ഞായർ ദിവസങ്ങളിൽ നല്ല കളക്ഷൻ ലഭിക്കാറുണ്ട്.