ആലപ്പുഴ: ജില്ലയിൽ വിവിധ തലങ്ങളിലായി നടക്കുന്നത് 10000 കോടിയുടെ വികസനമെന്ന് പൊതുമരാമത്തു രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കോട്ടയം-ആലപ്പുഴ-കുമരകം പാസഞ്ചർ കം ടൂറിസ്റ്റ് സർവീസ് ബോട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കുട്ടനാടിന്റെ കായൽ സൗന്ദര്യം, വേഗമേറിയ യാത്ര തുടങ്ങിയവ സംയോജിപ്പിക്കുന്ന ബോട്ട് യാത്ര ഒരേ സമയം യാത്രക്കാരേയും ദേശീയ അന്തർദേശീയ വിനോദസഞ്ചാരികളേയും ആകർഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ജല ഗതാഗത മേഖലയുടെ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിലൂടെ ആസ്ഥാന മന്ദിരം പണിയാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. വിവിധ വകുപ്പുകളിലായി വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കേന്ദ്രസഹായം ലഭിച്ചില്ലെങ്കിലും കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്നും 24ന് ഇതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈവിധ്യവത്കരണത്തിന്റെ പാതയിലൂടെയാണ് ജലഗതാഗത വകുപ്പ് മുന്നേറികൊണ്ടിരിക്കുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ലക്ഷ്യ സ്ഥാനത്ത് കുറഞ്ഞ ചെലവിലും വളരെ വേഗത്തിലും എത്തി ചേരാൻ സാധിക്കുന്ന യാത്രാമാർഗമാണ് ജല ഗതാഗതം.
സ്വകാര്യ ബോട്ടുകൾ നൽകുന്ന അതേ വിനോദസഞ്ചാര സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ഈ ബോട്ടിലുടെ നൽകാൻ സാധിക്കുന്നതിലൂടെ ടൂറിസം വികസന സാധ്യതകൾ വർധിക്കുകയും എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിക്കുവാനും സാധിക്കും. ഇതിലൂടെ സർവീസ് ലാഭ നഷ്ടം ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും.
10 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വാട്ടർ ടാക്സിയും വാട്ടർ ബസ് സർവീസ് എന്നിവയും ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. എ.എം.ആരിഫ് എംപി മുഖ്യാതിഥിയായി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, വാർഡ് കൗണ്സിലർ റാണി രാമകൃഷ്ണൻ, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി.വി.നായർ, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് കെ.സുദേവൻ, മെ. പ്രാഗാ മറൈൻ മാനേജിങ് ഡയറക്ടർ ജോസഫ് റോബർട്ട് നെജഡ്ലി എന്നിവർ പ്രസംഗിച്ചു.