ഒരുകാലത്ത് 166 പശുക്കളുണ്ടായിരുന്ന വ്യവസായി ഇന്ന് ഒരു പശുവിന്റെ പാല്‍ വിറ്റ് ജീവിതം കഴിച്ചുകൂടുന്നു ! കോട്ടയത്തെ കോടീശ്വരനായ വ്യവസായി ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയതിങ്ങനെ…

കോട്ടയം: 166 പശുക്കളുള്ള ഫാം, ഒരു ദിവസം മൂന്നു ലക്ഷം വിറ്റുവരവുള്ള സ്ഥാപനം, ദക്ഷിണ റെയില്‍വേയുടെ പരിധിയില്‍ തീവണ്ടികളില്‍ സ്വന്തം സംഭാരം വില്‍ക്കാനുള്ള അവകാശം. പള്ളിക്കത്തോട് ഇളമ്പള്ളി തഴയ്ക്കല്‍ സെബാസ്റ്റ്യന്‍ എന്ന വ്യവസായിയുടെ മേല്‍വിലാസം ഒരു കാലത്ത് ഇങ്ങനെയായിരുന്നു. ഗള്‍ഫില്‍ പണിയെടുത്തുണ്ടാക്കിയെടുത്ത സ്ഥാപനം ഭൂമിമോഹികളും അവരെ പിന്തുണച്ച പള്ളിക്കത്തോട് പഞ്ചായത്തും ചേര്‍ന്ന് തകര്‍ത്തപ്പോള്‍ സെബാസ്റ്റിയന്റെ ജീവിതം ദാരിദ്ര്യത്തിന്റെ കയങ്ങളില്‍ മുങ്ങിത്താഴ്ന്നു.

മകന്റെ വീട്ടില്‍ താമസം. ‘നന്ദിനി’ സംഭാരം എന്ന് ഒരുകാലത്ത് പേരെടുത്ത ഉത്പന്നം സൃഷ്ടിച്ച വ്യവസായി ഇന്ന് കോടതികള്‍ കയറിയിറങ്ങുന്നു. 166 പശുക്കളുടെ ഫാം നടത്തിയ വ്യക്തി ഇന്ന് ഒരു പശുവിന്റെ പാല്‍ വിറ്റ് ജീവിക്കുന്നു. 18 വര്‍ഷം ഗള്‍ഫില്‍ ജോലിചെയ്തുണ്ടാക്കിയ പണവും കുടുംബസ്വത്ത് വിറ്റുണ്ടാക്കിയ തുകയും ചേര്‍ത്താണ് 2001-ല്‍ ഇത്തഴയ്ക്കല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയത്. കുടുംബസ്വത്ത് വാങ്ങിയ വ്യക്തി സെബാസ്റ്റ്യന്റെ സ്ഥാപനം പച്ചപിടിച്ചതോടെ അതില്‍ കണ്ണുവെച്ചു. സ്ഥാപനവും ബാക്കിയുള്ള സ്ഥലവും വിലയ്ക്കുചോദിച്ചെങ്കിലും സെബാസ്റ്റ്യന്‍ വിറ്റില്ല. ഇതോടെ പരാതിപ്രളയം തുടങ്ങി.

സംഭാരം, പഴച്ചാര്‍, സോഡ എന്നിവ നിര്‍മിക്കുന്ന ഫാക്ടറിയില്‍ റെയ്ഡുകളുടെ തുടക്കമായി. കുഴപ്പം കണ്ടെത്താതെ ഉദ്യോഗസ്ഥര്‍ മടങ്ങി. 2010-11ല്‍ ലൈസന്‍സ് പുതുക്കാന്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയതോടെ പൂട്ടുവീണു. ഫാക്ടറി വാങ്ങാന്‍ നേരത്തേ ചോദിച്ച വ്യക്തിക്ക് ഇടനിലക്കാരനായി അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് വന്നെങ്കിലും വഴങ്ങാതിരുന്നതോടെ ശത്രുത കൂടി. ലൈസന്‍സും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാനുള്ള അനുമതിയും തേടി പഞ്ചായത്തില്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടെ വന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് മത്സരിക്കുന്ന വാര്‍ഡില്‍ സെബാസ്റ്റ്യന്‍ നാമനിര്‍ദേശ പത്രക കൊടുത്തു. ഇത് പിന്‍വലിച്ചാല്‍ ലൈസന്‍സ് തരാമെന്നു പറഞ്ഞ് പ്രസിഡന്റിന്റെ ആള്‍ക്കാര്‍ വന്നു. ലൈസന്‍സ് കിട്ടി. പക്ഷേ ഭക്ഷണവസ്തു വില്‍ക്കാനുള്ള അനുമതി കിട്ടണമെങ്കില്‍ പത്രിക പിന്‍വലിക്കണമെന്ന നിബന്ധനവെച്ചു. ഇതിനു സെബാസ്റ്റ്യന്‍ തയ്യാറായില്ല. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് തോറ്റു. അതിന്റെ പ്രത്യാഘാതങ്ങള്‍ ദിവസങ്ങള്‍ക്കകം സെബാസ്റ്റ്യനെ തേടിയെത്തി. സെബാസ്റ്റ്യന്റെ വീടാക്രമിച്ചു. ഫാക്ടറി കല്ലെറിഞ്ഞുപൊളിച്ചു. വണ്ടി തല്ലിത്തകര്‍ത്തു.

പുതിയ സമിതിവന്ന് എല്ലാ അനുമതിയും കിട്ടിയെങ്കിലും കള്ളക്കളിയുമായി ചിലര്‍ നിന്നു. ഫാക്ടറിയുടെ ജലസ്രോതസ്സില്‍ മാലിന്യം കലര്‍ത്തി വെള്ളം പരിശോധനയ്‌ക്കെടുപ്പിക്കാന്‍ പരാതി നല്‍കി. വെള്ളത്തില്‍ ഇരുമ്പ് സാന്നിധ്യം അധികമെന്നു മാത്രമാണ് കണ്ടത്. ഇതു പരിഹരിക്കാന്‍ സമയംനല്‍കാതെ സെക്രട്ടറി 2011-ല്‍ ഫാക്ടറി പൂട്ടി. വെള്ളം നന്നായാല്‍ പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടും പഞ്ചായത്ത് കനിഞ്ഞില്ല. കടംകൂടിയതോടെ ഫാക്ടറിയും വളപ്പിലുള്ള വീടും വിറ്റു. ഇതോടെ ജീവിതം വഴിമുട്ടി. ഇപ്പോഴും കേസുകളുമായി എതിരാളികള്‍ വേട്ടതുടരുകയാണെന്നു സെബാസ്റ്റ്യന്‍ പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ ഭരണസമിതി സെബാസ്റ്റ്യനോട് അനുഭാവ പൂര്‍ണമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

Related posts