കോട്ടയം: ഉത്രാടദിനത്തിൽ കോട്ടയം ബിവറേജസ് വെയർഹൗസിന് കീഴിൽ വിറ്റഴിച്ചത് 4.88 കോടിയുടെ മദ്യം. മുൻവർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വർധനയാണ് തിരുവോണത്തലേന്നുണ്ടായിരിക്കുന്നത്.
കോട്ടയം ബിവറേജസ് വെയർഹൗസിന് കീഴിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് ചങ്ങനാശേരി ബിവറേജസ് ഒൗട്ട്ലെറ്റിലാണ്. 79 ലക്ഷം. കഴിഞ്ഞ വർഷങ്ങളിലും ചങ്ങനാശേരി തന്നെയായിരുന്നു മുന്നിൽ.
രണ്ടാം സ്ഥാനത്ത് കോട്ടയം നാഗന്പടം ബിവറേജസ് ഒൗട്ട്ലെറ്റാണ്. ഇവിടെ 50 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്. ജില്ലയിൽ കോട്ടയം,അയർക്കുന്നം എന്നിവിടങ്ങളിലാണ് ബിവറേജസ് വെയർഹൗസ്.
ഇതിൽ കോട്ടയത്തിനുകീഴിലെ 13 ബിവറേജ് ഒൗട്ട്ലെറ്റുകളിലാണ് 4.88 കോടിയുടെ മദ്യ വില്പന ഉണ്ടായിരിക്കുന്നത്. കണ്സ്യൂമർഫെഡ് ബിവറേജസ് ഒൗട്ട്ലെറ്റുകളിലെ മദ്യ വില്പനയും ബാറുകളിലെ വില്പനയും കൂടി പരിശോധിക്കുന്പോൾ തുക ഇനിയും വർധിക്കും.
ഉത്രാടദിനത്തിൽ മാത്രം ബിവറേജസ് കോർപറേഷന്റെ കുറവിലങ്ങാട്, ഉഴവൂർ ഒൗട്ട്ലെറ്റുകളിൽ വിറ്റഴിച്ചത് 43.5 ലക്ഷത്തിന്റെ മദ്യമാണ്. കുറവിലങ്ങാട് ഷോപ്പിൽ നിന്ന് 28 ലക്ഷം രൂപയുടെ മദ്യവിൽപ്പനയാണ് ഒറ്റദിനത്തിൽ നടത്തിയത്.
സാധാരണ ദിവസങ്ങളിൽ ഒന്പത് ലക്ഷത്തിൽ താഴെ മാത്രം മദ്യം വിൽക്കുന്ന സാഹചര്യത്തിലാണ് ഇതിന്റെ മൂന്നിരട്ടിയോളം രൂപയുടെ വില്പന നടത്തിയത്.
ഉഴവൂരിലെ വിൽപ്പനശാലയിൽ 15.71 ലക്ഷം രൂപയുടെ മദ്യമാണ് ഓണത്തോടനുബന്ധിച്ച് വിറ്റഴിച്ചത്.ഏഴരലക്ഷത്തിന്റെ വിൽപ്പന സാധാരണ നടക്കുന്ന കടയിലാണ് അത് ഇരട്ടിയിലെത്തിയത്.
ഓണത്തലേന്ന് ബാറുകളിലൂടെ വിറ്റഴിച്ച മദ്യത്തിന്റെ കണക്കുകൂടി പരിഗണിച്ചാൽ അരക്കോടി പിന്നിടുന്നതാണ് ഈ മേഖലയിലെ ഓണത്തോട് അനുബന്ധിച്ചുള്ള മദ്യത്തിന്റെ ചെലവ്.