കോട്ടയം: ഇരിപ്പിടമില്ലാത്ത കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ്. തിരുനക്കര സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കു ഷോപ്പിംഗ് കോംപ്ലക്സിന്റെ താഴത്തെ നിലയിലുള്ള കടമുറികളുടെ മുന്നിലാണ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കിയത്.
മഴ നനയാതെ ബസ് കാത്തിരിക്കാൻ ഒരുക്കിയ സ്റ്റീൽ കന്പി ഇരിപ്പിടമാണ് ഇപ്പോൾ ഉപയോഗ ശൂന്യമായിരിക്കുന്നത്. ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി വർഷങ്ങൾക്കു മുന്പ് സ്ഥാപിച്ച എട്ട് ഇരിപ്പിടങ്ങളിൽ ഒന്നിൽ മാത്രമാണ് ഇപ്പോൾ ഇരിക്കാൻ പാകത്തിനു കന്പികളുള്ളത്.
ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കുവേണ്ടിയുള്ള സ്റ്റീൽ കന്പികൾ ഘടിപ്പിച്ച ചാരു ബഞ്ചുകളുടെ ഇരിക്കുന്ന ഭാഗത്തെ കന്പികളാണു മുറിച്ചു മാറ്റിയ നിലയിലുള്ളത്. രാത്രിയിൽ ഇവിടങ്ങളിൽ തന്പടിക്കുന്ന സംഘമാണ് സ്റ്റീൽ കന്പികൾ മുറിച്ചു മാറ്റുന്നത്.
കോട്ടയം മെഡിക്കൽ കോളജിലേക്കു പോകുന്ന രോഗികൾ ആശ്രയിക്കുന്ന സ്റ്റാൻഡാണിത്. രാത്രിയായാൽ സോളർ ഉൾപ്പെടെയുള്ള വിളക്കുകൾ കത്തുന്നില്ലെന്നും പരാതിയുണ്ട്. കടകൾ എല്ലാം അടയ്ക്കുന്നതോടെ ഇവിടെ വെളിച്ചമില്ലാത്ത സാഹചര്യമാണ്.
ഇതോടെ യാചകർ, അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ, സാമൂഹിക വിരുദ്ധർ എന്നിവരുടെ താവളമായി മാറുന്നു. പോലീസ് നൈറ്റ് പെട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും ഇത്തരക്കാരുടെ ശല്യം കൂടുതലാണെന്നു വ്യാപാരികളും പറയുന്നു.
കാലപ്പഴക്കമുള്ളതും ചോർന്നൊലിക്കുന്നതും കോണ്ക്രീറ്റ് പാളികൾ അടർന്നു വീഴുന്നതുമായ കെട്ടിടം, നോക്കുകുത്തികളായി മാറിയ സ്റ്റീൽ കന്പി ഘടിപ്പിച്ച ബെഞ്ചുകൾ, സാമൂഹിക വിരുദ്ധരുടെ താവളം… തിരനക്കര ബസ് സ്റ്റാൻഡിന്റെ പരാധീനകൾ ഇങ്ങനെ തുടരുന്നു.
ശുചിമുറി സൗകര്യമില്ലാത്തതും ഇവിടെത്തുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. നിലവിൽ സ്വകാര്യ ക്ലബിന്റെ മേൽനോട്ടത്തിലുള്ള ശുചിമുറി മാത്രമാണ് ഇവിടെയുള്ളത്. നഗരസഭയുടെ ഉടമസ്ഥതയിലാണു കെട്ടിടവും പരിസരവും.
ജീർണാവസ്ഥയിലായ കെട്ടിടം പൊളിച്ചു പണിയണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. നഗരസഭയ്ക്കു പുതിയ ഭരണ സമിതി വരുന്പോൾ എല്ലാം ശരിയാകുമെന്നായിരുന്നു മുന്പ് അധികൃതരുടെ വിശദീകരണം.