തോമസ് ചാഴികാടൻ
കോട്ടയത്തെ ജനവികാരം യുഡിഎഫിനൊപ്പമാണെന്ന് പ്രചാരണത്തിൽ പ്രകടമായിരുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങളെ മാത്രം നോക്കി വിജയം കണക്കുകൂട്ടിയിട്ടുമില്ല. എന്നാൽ എക്സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്ന കോട്ടയത്തെ യുഡിഎഫ് വിജയം ശരിയാകുമെന്നതിൽ രണ്ടു പക്ഷം വേണ്ട. എക്സിറ്റ് പോൾ ഫലമല്ല മറിച്ച് പ്രചാരണവേളയിലും പിന്നീടും വോട്ടർമാരുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ വികാരം ഉൾക്കൊണ്ടപ്പോൾ ജനവിധി അനുകൂലമാണെന്നു കരുതിയിരുന്നു.
വൻവിജയം കോട്ടയത്ത് ലഭിക്കും എന്നുതന്നെ കരുതുന്നു. 10 ശതമാനം വരെ വോട്ട് മുന്നേറ്റം ചില സർവേകളിൽ കണ്ടു. എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം പ്രവചിക്കാൻ താൽപര്യപ്പെടുന്നില്ല. അതു ശരിയാകണമെന്നുമില്ല. കേരളത്തിലെ ജനവിധി കോണ്ഗ്രസിനും യുഡിഎഫിനും ഒപ്പമായിരിക്കും. കോട്ടയത്തെ ജനങ്ങളുടെ ദേശീയ കാഴ്ചപ്പാടും മതേതരവീക്ഷണവും രാഷ്ട്രീയ ഒൗന്നിത്യവും ഇലക്ഷനിൽ പ്രതിഫലിക്കും.
അതേസയം ദേശീയതലത്തിൽ എൻഡിഎ മുൻതൂക്കം സർവേയിൽ കാണാനായത് നിരസിക്കുന്നില്ല. അപ്രതീക്ഷിതമായ ആ സൂചകങ്ങൾ എന്നെ അതിശയിപ്പിപ്പിക്കുന്നു. അങ്ങനെയൊരു സാധ്യത പ്രതീക്ഷിച്ചിരുന്നില്ല. നിലവിൽ കാണുന്ന സർവെ ഒരു സൂചനയായി കാണുന്നതിൽ തെറ്റുമില്ല. കാരണം എല്ലാ സർവെകളും ഒരു ദിശയിലേക്കാണ് വിരൽചൂണ്ടുന്നത്. എൻഡിഎയുടെ വിജയസൂചന ഞാൻ പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ അല്ല എന്നു പറയട്ടെ. യുപിഎ വിജയിക്കണം എന്ന് എന്നും എപ്പോഴും ആഗ്രഹിക്കുന്നു.
വി.എൻ.വാസവൻ
എക്സിറ്റ് പോൾ ഫലം എന്നത് തപാലിൽ നിന്തൽ പഠിക്കുന്നതു പോലെയാണ്. എവിടെയോ ഇരുന്ന് കുറെ പേർ കുറേ പേരെ വിളിച്ച് നിശ്ചിത ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന എക്സിറ്റ് പോൾ കണക്കുകൾ വിശ്വസിക്കാവുന്നതല്ല. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങളിലാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ. പലപപോഴും അഭിപ്രായ സർവേകൾ പാളിയ ചരിത്രമാണുള്ളത്.
ജനമാണ് വലുത്. വോട്ടു ചെയ്ത ജനങ്ങളിലാണ് ഇടതുമുന്നണിയുടെ വിശ്വാസം. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്നായിരുന്നു പ്രവചനം. ഫലം വന്നപ്പോൾ ഇടതുപക്ഷത്തിന് 18 സീറ്റുകൾ ലഭിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് എല്ലാ സർവേകളും പറഞ്ഞത.് എന്നാൽ എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ഇത്തരത്തിലുള്ള സർവേകൾ ഇതിനു മുന്പും ഇറങ്ങിയിട്ടുണ്ട്. ഇതൊന്നും എൽഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല.
23ന് വോട്ടെണ്ണുന്പോൾ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ എൽഡിഎഫ് വിജയം ഉറപ്പാണ്. ഒരുമാസക്കാത്തിലേറെ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് മണ്ഡലമൊട്ടാകെ ജനങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു. അവർക്കു നടുവിൽ നിൽക്കുന്പോൾ അവരുടെയും ചുറ്റുപാടുകളിൽ നിൽക്കുന്നവരുടെയും പൾസ് എന്താണെന്ന് വ്യക്തമായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. കോട്ടയത്ത് അടിയൊഴുക്കുകളോ സഹതാപ തരംഗമോ ഉല്ല. ശബരിമല വിഷയം കോട്ടയത്ത് പ്രചാരണ വിഷയമല്ലായിരുന്നു. യുഡിഎഫ് മണ്ഡലത്തെ അനാഥമാക്കിയതും ബിജെപിയുടെ വർഗീയനയങ്ങളുമാണ് പ്രധാന ചർച്ചാ വിഷയം.
പി.സി. തോമസ്
എൻഡിഎ മുൻതൂക്കം എന്ന എക്സിറ്റ് പോൾ സൂചന ശരിവയ്ക്കുന്നു. അതേ സമയം കോട്ടയത്ത് യുഡിഎഫ് മുൻതൂക്കം എന്ന സൂചന അപ്പാടെ ശരിയാവണമെന്നില്ല. കോട്ടയത്ത് ബിജെപി-യുപിഎ വോട്ടുകൾക്കൊണ്ട് ജയിക്കാനാവില്ലെന്ന് എനിക്കുറപ്പുണ്ട്. കോട്ടയം യുഡിഎഫ് അനുകൂല മണ്ഡലമാണെന്നതിൽ തർക്കവുമില്ല.
എന്നാൽ യുഡിഎഫിലും എൽഡിഎഫും നിന്ന് വലിയൊരു സമൂഹം വ്യക്തിബന്ധങ്ങളുടെ പേരിൽ എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. വോട്ടെണ്ണുന്പോൾ പാലാ, പിറവം മണ്ഡലങ്ങളിൽ അത് പ്രകടമായി കാണാം. അത് സ്വന്തം പാർട്ടിയിലെ അഭിപ്രായ സർവെയിലോ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവരാണ് അവരെല്ലാം.
പതിനായിരം വോട്ടർമാരിൽ നിന്ന് അഭിപ്രായം തേടി തയാറാക്കുന്ന പോൾ സർവെ 10 ലക്ഷം വോട്ടർമാരുളള ഒരു ലോക് സഭാ മണ്ഡലത്തിന്റെ വോട്ടിംഗ് സൂചനയാകണമെന്നില്ല. കാലങ്ങളുടെ സ്വകാര്യ ബന്ധങ്ങളുടെ പേരിൽ വ്യക്തിപരമായി ആയിരക്കണക്ക് പേർ പിസി തോമസ് എന്ന വ്യക്തിക്ക് വോട്ടുചെയ്തിട്ടുണ്ട്. ഒരു സർവെയിലും ഇക്കാര്യം പ്രതിഫലിക്കണമെന്നില്ല.
ഇലക്ഷൻ പ്രചാരണത്തിന് എൻഡിഎയ്ക്കു വേണ്ടി ബിഹാർ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങിൽ പോയപ്പോൾ മോദി അനുകൂലം ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രകടമായി കണ്ടിരുന്നു. കോണ്ഗ്രസ് അവിടെയൊന്നും ചിത്രത്തിൽപോലും ഇടം പിടിച്ചിട്ടിരുന്നില്ല. പുതിയ തലമുറ മോദിയിൽ പ്രതീക്ഷ വയ്ക്കുന്നു. മോദിക്കു പകരം മറ്റൊരു നേതാവും സാധ്യതയും യുവമനസിൽ ഇല്ല എന്നതാണ് എനിക്ക് തിരിച്ചറിയാനായത്.
ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യം കുറെ സീറ്റുകൾ നേടും. ചില മേഖലകളിൽ അവരുടെ ആധിപത്യം പ്രകടമായി കാണാനായിരുന്നു. അതേസമയം എസ്പിയും ബിഎസ്പിയും കോണ്ഗ്രസിനെ അമർച്ച ചെയ്യാൻ നടത്തിയ നീക്കം ബിജെപിക്ക് അനുകൂലമായിവരും.