കോട്ടയം: ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളിലും യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചില മണ്ഡലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പൂഞ്ഞാറിൽ പി.സി. ജോർജ് കേരള ജനപക്ഷം സെക്കുലർ സ്ഥാനാർഥിയായി രംഗത്ത് വരികയും ചുവരെഴുത്തും പ്രചാരണവും ആരംഭിക്കുകയും ചെയ്തു.
പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെ ഫ്ളക്സ് ബോർഡുകൾ നിരന്നു കഴിഞ്ഞു. പുതുപ്പളളിയിൽ ഉമ്മൻ ചാണ്ടി കുടുംബസംഗമങ്ങൾക്ക് തുടക്കമിട്ടു. വൈക്കത്ത് സി.കെ. ആശ, കടുത്തുരുത്തിയിൽ മോൻസ് ജോസഫ്, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിട്ടുണ്ട്.
കോട്ടയം മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ബൂത്തു കമ്മറ്റികളിലും പദയാത്രകളിലും പങ്കെടുക്കുകയാണ്. എൽഡിഎഫിൽ കാഞ്ഞിരപ്പള്ളിക്കു പകരം സിപിഐയ്ക്കു കോട്ടയം സീറ്റ് നൽകാനുള്ള നീക്കവും നടക്കുന്നുണ്ട്. അതിനാൽ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ബിജെപി സ്ഥാനാർഥിയുടെ കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
ഉമ്മൻചാണ്ടിക്കെതിരേ ജോർജ് കുര്യൻ
യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കി ഉടൻ തന്നെ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെത്തി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകും. ഉമ്മൻ ചാണ്ടിയുടെ എതിരാളിയായ എൽഡിഎഫ് സ്ഥാനാർഥിയായി നിരവധി പേരുകൾ ഉയർന്നുവരുന്നുണ്ട്. ബിജെപിയിൽ സ്ഥാനാർഥിയായി ജോർജ് കുര്യനെയാണ് പരിഗണിക്കുന്നത്.
കടുത്തുരുത്തിയിൽ കേരള കോണ്‍ഗ്രസുകൾ തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്തവണയും നടക്കുക. യുഡിഎഫിൽ മോൻസ് ജോസഫ് സ്ഥാനാർഥിയാകും. എൽഡിഎഫിൽ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ചേക്കും. കഴിഞ്ഞ എൽഡിഎഫിൽ സീറ്റ് സ്കറിയ തോമസ് വിഭാഗത്തിനാണ് നല്‍കിയിരുന്നത്. എൻഡിഎയിലും കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസാണു മത്സരിച്ചത്. ഇത്തവണ ബിജെപി സീറ്റ് ഏറ്റെടുത്തേക്കും.
പാലായിൽ ചിത്രം വ്യക്തമായി കഴിഞ്ഞു. യുഡിഎഫ് സ്ഥാനാർഥിയായി മാണി സി. കാപ്പൻ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ജോസ് കെ. മാണിയുടെ മണ്ഡലപദയാത്രയും പുരോഗമിക്കുകയാണ്. ബിജെപി സ്ഥാനാർഥി ആരെന്ന കാര്യത്തിൽ ചർച്ച തുടരുകയാണ്. പി.സി. തോമസിനു സീറ്റു നൽകാനും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
വൈക്കത്ത് സിറ്റിംഗ് എംഎൽഎ സി.കെ. ആശയാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിൽ മുൻ കോട്ടയം മുനിസിപ്പൽ ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോനയുടെ പേരാണു പരിഗണനയിലുള്ളത്. ട്വന്റി ട്വന്റി ഭീഷണിയെത്തുടർന്ന് കുന്നത്തുനാട് സീറ്റിൽനിന്നും വി.പി. സജീന്ദ്രനെ വൈക്കത്തേക്കു മാറ്റാനും ആലോചനയുണ്ട്.
വൈക്കത്ത് പ്രാദേശിക ബന്ധമുള്ളവരെ സ്ഥാനാർഥിയാക്കണമെന്നും പ്രവർത്തകർക്കിടയിൽ ആവശ്യമുയരുന്നുണ്ട്. എൻഡിഎയിൽ സീറ്റ് ബിഡിജെഎസിനാണ്.
പൂഞ്ഞാർ സിപിഎം ഏറ്റെടുത്തേക്കും
പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർഥിയായി പി.സി. ജോർജ് പ്രചാരണം തുടങ്ങി. എൽഡിഎഫിൽ സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനു നല്‍കുമോ സിപിഎം ഏറ്റെടുക്കുമോയെന്ന കാര്യം വ്യക്തമല്ല. കോണ്‍ഗ്രസിലും സമാനമായ സാഹചര്യമാണ്.
സീറ്റ് ജോസഫ് വിഭാഗത്തിനു നല്‍കുമോ, കോണ്‍ഗ്രസ് ഏറ്റെടുക്കുമോയെന്ന കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല. കഴിഞ്ഞ തവണ ബിഡിജെഎസാണ് എൻഡിഎയിൽ മത്സരിച്ചത്. ഇത്തവണ സീറ്റ് ബിജെപി ഏറ്റെടുത്തേക്കും.ഏറ്റുമാനൂർ സീറ്റ് യുഡിഎഫിൽ കോണ്‍ഗ്രസിനോ കേരള കോണ്‍ഗ്രസ് ജോസഫിനോ എന്ന് കാര്യത്തിൽ തീരുമാനമായിട്ടില്ല.
എൽഡിഎഫിലെ സിപിഎമ്മിൽ രണ്ടു തവണ മത്സരിച്ചവർക്ക് ഇളവു ലഭിച്ചാൽ സുരേഷ് കുറുപ്പ് തന്നെ വീണ്ടും മത്സരിക്കും. ജില്ലാ സെക്രട്ടറി വി.എൻ. വാസവന്റെ പേരും പരിഗണനയിലുണ്ട്. എൻഡിഎയിൽ ബിഡിജെഎസിനാണ് സീറ്റ്.ചങ്ങനാശേരി സീറ്റിന്റെ കാര്യത്തിൽ തർക്കം നിലനിലക്കുകയാണ്.
കോണ്‍ഗ്രസ് സീറ്റ് വേണമെന്ന് ആവശ്യപ്പെടുന്പോൾ സി.എഫ്. തോമസ് കാലങ്ങളായി വിജയിച്ച കേരള കോണ്‍ഗ്രസ് തട്ടകമായ ചങ്ങനാശേരി വിട്ടു നൽകാൻ ജോസഫ് വിഭാഗം തയാറല്ല. കോണ്‍ഗ്രസിനു സീറ്റ് ലഭിച്ചാൽ കെ.സി. ജോസഫിനെയാണു പരിഗണിക്കുന്നത്.
എൽഡിഎഫിൽ ജോസ് കെ. മാണി വിഭാഗത്തിനൊപ്പം ജനാധിപത്യ കേരള കോണ്‍ഗ്രസും സീറ്റിൽ താൽപര്യം അറിയിച്ചിട്ടുണ്ട്. അതേസമയം കാഞ്ഞിരപ്പള്ളിക്കു പകരം സിപിഐക്ക് ചങ്ങനാശേരി നൽകാനും നീക്കം നടക്കുന്നുണ്ട്. ബിജെപി സ്ഥാനാർഥിയായി പരിഗണിക്കുന്നതു ബി. രാധാകൃഷ്ണമേനോനെയാണ്.
കാഞ്ഞിരപ്പള്ളി സീറ്റ് യുഡിഎഫിൽ ജോസഫിനോ കോണ്‍ഗ്രസിനോ എന്ന വ്യക്തമല്ല. ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടതോടെ കോണ്‍ഗ്രസ് നോട്ടമിട്ട സീറ്റാണു കാഞ്ഞിരപ്പളളി. എൽഡിഎഫിൽ സീറ്റ് സിപിഐയ്ക്ക് ലഭിച്ചാൽ വി.ബി. ബിനു സ്ഥാനാർഥിയാകും.
കേരളകോണ്‍ഗ്രസ് എമ്മിനു ലഭിച്ചാൽ സിറ്റിംഗ് എൽഎൽഎ ഡോ. എൻ. ജയരാജ് തന്നെയാകും സ്ഥാനാർഥി. ബിജെപിയിൽ സ്ഥാനാർഥി നിർണയം ചർച്ചയിലാണ്.