കോട്ടയം: കോട്ടയത്ത് ചിത്രം ഏകദേശം വ്യക്തമായി. യുഡിഎഫ് സ്ഥാനാർഥിയെ ഇന്നലെ കേരളാ കോണ്ഗ്രസ് പ്രഖ്യാപിച്ചതോടെ ഇനി പ്രചാരണ ചൂടിലേക്ക് കാര്യങ്ങൾ കടക്കുകയാണ്. രണ്ട ു മുൻ എംഎൽഎമാരും ഒരു മുൻ എംപിയും തമ്മിലാണ് പ്രധാന മത്സരം. യുഡിഎഫ് സ്ഥാനാർഥിയായി തോമസ് ചാഴികാടനെ ഇന്നലെ രാത്രിയാണ് പ്രഖ്യാപിച്ചത്. എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവൻ പ്രചാരണം ആരംഭിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥി പി.സി.തോമസും അനൗദ്യോഗികമായി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
കോട്ടയം, പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിൽ രാഷ്ട്രീയ ചുവരെഴുത്തുകൾക്ക് തുടക്കമായി. ഒരു നിര സ്ഥാനാർഥികൾ ഇന്നു പ്രചാരണം തുടങ്ങും. മുണ്ടക്കയം പാലത്തിന് കിഴക്കുവശം മുതൽ ഇടുക്കി ലോക്സഭാ മണ്ഡലവും ചങ്ങനാശേരി, കുട്ടനാട് അസംബ്ളി മണ്ഡലങ്ങൾ മാവേലിക്കര മണ്ഡലത്തിലുമാണ്.
പരീക്ഷക്കാലത്ത് പൊള്ളുന്ന ചൂടിൽ തെരഞ്ഞെടുപ്പു വന്നതോടെ പ്രചാരണം കഠിനമാകും. പകൽച്ചൂടിൽ ആളും ആരവവുമായി പ്രചാരണം നടത്തുക ദുഷ്കരം. പരീക്ഷകൾ മാർച്ചിൽ തീർന്നാലും ചൂടിന്റെ പരീക്ഷണം മേയ് വരെയുണ്ടാകും. . 38 ഡിഗ്രിക്കു മേൽ ചൂട് കയറുന്ന പകലുകളിൽ വീറുറ്റ പോരാട്ടത്തിനാണ് മണ്ഡലങ്ങൾ ഉണരുന്നത്.
പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി അസംബ്ളി മണ്ഡലങ്ങളാണു കോട്ടയം ലോക്സഭാമണ്ഡലത്തിലുള്ളത്. ചങ്ങനാശേരി ഉൾപ്പെടുന്ന മാവേലിക്കര മണ്ഡലത്തിൽ കൊടിക്കുന്നിൽ സുരേഷ് കോണ്ഗ്രസ് മൂന്നാമൂഴം സ്ഥാനാർഥിയാകും. ഇടതുമുന്നണിയിൽ സിപിഐയിലെ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറും.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ അസംബ്ളി മണ്ഡലങ്ങൾ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലാണ്. എൽഡിഎഫ് സിപിഎമ്മിലെ വീണ ജോർജ് എംഎൽഎയെ മത്സരത്തിനു പ്രഖ്യാപിച്ചു. യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. പി.സി. ജോർജ് എംഎൽഎ പത്തനംതിട്ടയിൽ ജനപക്ഷത്തു മത്സരിക്കും. ജില്ല അതിരിടുന്ന ഇടുക്കിയിൽ ജോയ്സ് ജോർജ് വീണ്ടും ഇടതുസ്ഥാനാർഥായാകും. യുഡിഎഫിൽ തീരുമാനമായിട്ടില്ല.
ചുവരുകളുടെ ബുക്കിംഗിനൊപ്പം മണ്ഡലം കണ്വൻഷനുകൾക്കാണ് ഒന്നാംഘട്ട പരിഗണന. മുന്നോടിയായി സ്ക്വാഡുകൾ വീടുകൾ കയറി നേരിൽ വോട്ടുചോദിക്കാനാണു പാർട്ടികളുടെ തീരുമാനം. രാത്രികാല സമ്മേളനങ്ങൾക്കും മൈക്ക് പ്രചാരണത്തിനും ഇലക്ഷൻ കമ്മീഷന്റെ നിയന്ത്രണം വരുന്നതാണ് മറ്റൊരു പരിമിതി.
മാവേലിക്കര മണ്ഡലം ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും പത്തനംതിട്ട മണ്ഡലം കോട്ടയം, പത്തനംതിട്ട ജില്ലകളിലും കോട്ടയം മണ്ഡലം കോട്ടയം, എറണാകുളം ജില്ലകളിലും കയറിയിറങ്ങുന്നു. കുറഞ്ഞത് ഓട്ടപ്രദക്ഷിണം ഒരു റൗണ്ട് പൂർത്തിയാകാൻ ഒരു മാസം വേണ്ടിവരും. അതിനാൽ പ്രചാരണത്തിനു ചെലവേറും.