കോട്ടയം: റോഡിനു നടുവിൽ “കൊലക്കയർ’ കെട്ടരുതെന്ന് ഡിജിപി ഉത്തരവിട്ടശേഷവും കോട്ടയം നഗരത്തിൽ അധികാരികൾ അറിഞ്ഞ മട്ടില്ല. തിരക്കേറിയ ബേക്കർ ജംഗ്ഷനിൽ ഉൾപ്പെടെ റോഡ് നടുവെ മുറിച്ച് പ്ലാസ്റ്റിക് വള്ളി കെട്ടിയും ഗ്രില്ലുകൾ വച്ചും കെണി ഉയർത്തുകയാണ് പോലീസ്.
രണ്ടു ബസിനു കഷ്ടി കടന്നു പോകാവുന്ന കുമരകം റോഡിനു നടുവിലെ കൊലക്കയറിൽ തട്ടി ഇരുചക്രവാഹനക്കാരും കാൽനടയാത്രികരും അപകടത്തിൽപ്പെടുന്നത് പതിവാണ്. അടിയന്തര സാഹചര്യത്തിൽ റോഡ് കുറുകെ ഓടുന്നവർ മൂക്കിടിച്ച് റോഡിൽ വീഴുന്ന സാഹചര്യമാണുള്ളത്.
ആവശ്യാനുസരണം സീബ്രാ ക്രോസുകൾ വ്യക്തമായി വരച്ചു വയ്ക്കാത്ത സാഹചര്യത്തിൽ ജനം സൗകര്യമുള്ളിടത്തൊക്കെ കുറുകെ കടക്കും. ജീവൻ പണയപ്പെടുത്തി ജനം ഓടുന്പോഴാണ് പ്ലാസ്റ്റിക് വള്ളി വലിച്ചുകെട്ടി ജനത്തെ പോലീസ് വീഴിക്കുന്നത്. എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് തട്ടാതെയും മുട്ടാതെയും സൈഡ് കൊടുക്കാനും ഇതുമൂലം സാധിക്കു ന്നില്ല.
സംസ്ഥാനമൊട്ടാകെ റോഡിലെ വള്ളിക്കെട്ടും ഗ്രില്ലുകെട്ടും അഴിച്ചുമാറ്റാൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടതിനുശേഷവും ഇന്നലെ കോട്ടയം നഗരത്തിൽ പോലീസ് കൊലക്കയർ അൽപം കൂടി വലിച്ചുകെട്ടിയതല്ലാതെ അഴിച്ചുകളയാൻ താത്പര്യപ്പെടുന്നില്ല. കോട്ടയം നഗരത്തിലെ വിവിധയിടങ്ങളിലും ജില്ലയിലെ മറ്റിടങ്ങളിലും ട്രാഫിക് പോലീസ് വള്ളികെട്ടി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.
ഗതാഗതക്കുരുക്ക് വർധിക്കുന്നതല്ലാതെ ഒരു പ്രയോജനവും ഇതുകൊണ്ടുണ്ടാകുന്നില്ല. ഗട്ടറുകളിൽ ചാടാതെ ഇരുചക്രവാഹനങ്ങൾ വെട്ടിച്ചു വരുന്നതിനിടയിൽ ഈ വള്ളികളിൽ കുടുങ്ങി മറിയുന്നത് നിത്യകാഴ്ചയാണ്. അതേ പോലെ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരും വള്ളിയിൽ കുടുങ്ങി വീഴുന്നതും പതിവാണ്.