കോട്ടയം: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. രോഗപ്രതിരോധനത്തിനായി ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ശ്രദ്ധിക്കണം.
പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നത് സംബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.
നിയന്ത്രണങ്ങള്‍ ഇങ്ങനെ
തിങ്കളാഴ്ച ജില്ലയില്‍ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണ, വിതരണ, വില്‍പ്പന കേന്ദ്രങ്ങളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും മാത്രമേ തുറക്കാവൂ.
സര്‍ക്കാര്‍ ഓഫീസുകള്‍ 33 ശതമാനം ഹാജര്‍ നിലനിര്‍ത്തി പ്രവര്‍ത്തിക്കാം. ഹോട്ട് സ്പോട്ടുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കേണ്ടതില്ല. അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കരുത്.
വരും ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ചത്തെ യോഗത്തില്‍ തീരുമാനമെടുക്കും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെയും ജനറല്‍ ആശുപത്രിയിലെയും മറ്റ് പ്രധാന ചികിത്സാ കേന്ദ്രങ്ങളിലെയും തിരക്ക് കുറയ്ക്കുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണം. ഗുരുതരമല്ലാത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക് തൊട്ടടുത്ത ആശുപത്രികളില്‍ ചികിത്സ തേടാന്‍ ശ്രദ്ധിക്കണം.
സാമ്പിള്‍ പരിശോധന വ്യാപകമാക്കും
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ സാമ്പിള്‍ പരിശോധന വ്യാപകമാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ഇതിനായി കോട്ടയം മെഡിക്കല്‍ കോളജിലെയും തലപ്പാടിയിലെ എംജി സര്‍വകലാശാലയുടെ ഇന്റർ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച്ചിലെയും സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.
ജില്ലയിൽ ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ വിവരം
1. വടയാര്‍ സ്വദേശി(53): വിദേശത്തു നിന്ന് എത്തിയ ബന്ധുക്കളുമായി സമ്പര്‍ക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. പനിയെത്തുടര്‍ന്ന് ചികിത്സ തേടി.
2. ഒളശ്ശ സ്വദേശിയായ ആരോഗ്യപ്രവര്ത്തകന്(32): ചുമയെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു.
3. ചാന്നാനിക്കാട് സ്വദിശിനിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി(25): രണ്ടാഴ്ച്ചയായി ചുമ തുടരുന്ന സാഹചര്യത്തില്‍ ചികിത്സ തേടി.
4. തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകയായ കിടങ്ങൂര്‍ പുന്നത്തുറ സ്വദേശിനി(33): ചുമയയെത്തുടര്ന്ന് ചികിത്സ തേടി.
5. വെള്ളൂരില്‍ താമസിക്കുന്ന റെയില്‍വേ ജീവനക്കാരനായ തമിഴ്നാട് സ്വദേശി(56): മാര്‍ച്ച് 20ന് നാഗര്‍കോവിലില്‍ പോയി 22ന് മടങ്ങിയെത്തി. പനിയെത്തുടര്‍ന്ന് ചികിത്സ തേടി.
ജില്ലയിലെ ഹോട്ട്സ്പോട്ടുകൾ
ഞായറാഴ്ച അഞ്ചു പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ കോട്ടയത്ത് ഹോട്ട്സ്പോർട്ടുകളുടെ എണ്ണം വർധിപ്പിച്ചിരുന്നു. അയ്മനം, അയര്‍ക്കുന്നം, വെളളൂര്‍, തലയോലപ്പറമ്പ് പഞ്ചായത്തുകളാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.
നേരത്തെ വിജയപുരം, പനച്ചിക്കാട്, മണര്‍കാട് പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ അഞ്ച് വാര്‍ഡുകളും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു.