കോട്ടയം: നഗരമധ്യത്തിലെ കൊലപാതക കേസിൽ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. സംഭവം നടന്ന സ്ഥലത്തിനടുത്തു നിന്നാണ് കത്തി കണ്ടെടുത്തത്. സ്റ്റീൽ കത്തിയാണ് കുത്താനുപയോഗിച്ചത്. സംഭവത്തിനു ശേഷം കത്തി ഒളിപ്പിച്ചു വച്ചത് ഇന്നു രാവിലെ പോലീസിന്റെ സാന്നിധ്യത്തിൽ പ്രതി കാട്ടിക്കൊടുത്തു.
പെട്ടിക്കടയുടെ വാടകയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ നാട്ടകം മറിയപ്പള്ളി പുഷ്പഭവനിൽ അനിൽകുമാറി (ബേക്കർ അനി-44)നെ കൊലപ്പെടുത്തിയ കേസിൽ നീലിമംഗലം ചിറയിൽ റിയാസി(26) നെ ഇന്നലെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളുമായി ഇന്നു രാവിലെ നടത്തിയ തെളിവെടുപ്പിലാണ് കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തത്.
വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സിഐ നിർമ്മൽ ബോസ്, എസ്ഐ എം.ജെ.അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കൊല്ലപ്പെട്ട അനിയുടെ ശരീരത്തിൽ അഞ്ചിലേറെ തവണ കുത്തേറ്റേന്നു പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട്.
ഈ മുറിവുകളിൽനിന്ന് രക്തം വാർന്നതാണു മരണകാരണം. പ്രതി റിയാസിനും പരിക്കേറ്റിരുന്നു. ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്ത റിയാസിനെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നു വൈകുന്നേരത്തോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട അനിയുടെ മൃതദേഹം മറിയപ്പള്ളിയിലെ വീട്ടിൽ സംസ്കരിച്ചു.