കോട്ടയം: നഗരമധ്യത്തിലെ നാലുനില കെട്ടിടത്തിൽ കൊല്ലപ്പെട്ടത് ആര് ? ഒരു എത്തുംപിടിയും കിട്ടാതെ പോലീസ് വലയുന്നു. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന സംശയത്തിൽ പോലീസ് നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും ഒരു തുന്പും കിട്ടിയില്ല. മരിച്ചയാളുടെ ചിത്രം കോട്ടയത്തും പുറത്തുമുള്ള ഇതര സംസ്ഥാന തൊഴിലാളികളെ കാണിച്ചെങ്കിലും ആരും തിരിച്ചറിഞ്ഞില്ല. ഈ കേസിൽ പോലീസ് ശരിക്കും ഇരുട്ടിൽ തപ്പുകയാണ്.
കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള വിവരം ലഭിച്ചിരുന്നുവെങ്കിൽ കൊന്നയാളെ കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച ഒരു രേഖയും പോലീസിന്റെ പക്കലില്ലാത്തതിനാൽ ഇവിടെ വന്നു പോകുന്നവർ ആരെന്ന് ഒരു നിശ്ചയവുമില്ല. മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടം നടത്തി വീണ്ടും മോർച്ചറിയിൽ സൂക്ഷിക്കുകയാണ്. മൂന്നു ദിവസത്തിനകം തിരിച്ചറിഞ്ഞില്ലെങ്കിൽ മറവു ചെയ്യാനാണ് തീരുമാനം.
എംസി റോഡിൽ ഐഡ ഹോട്ടലിന്റെ സമീപത്ത് ലക്ഷ്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നാലാം നിലയിൽ കഴിഞ്ഞ 19ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചിൽ കുത്തേറ്റ് രക്തം വാർന്ന് കമിഴ്ന്ന നിലയിലാണ് മൃതദേഹം കിടന്നത്. കെട്ടിട നിർമാണത്തിനായി രാവിലെ നാല് ഇതരസംസ്ഥാന തൊഴിലാളികൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തു നിന്ന് മണം പിടിച്ച പോലീസ് നായ ആദ്യം ഓടിക്കയറിയത് സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാന്പിലേക്കാണ് എന്ന ഒറ്റ സൂചന മാത്രമാണ് ഇപ്പോഴുള്ളത്.