കോട്ടയം: ജില്ലയിൽ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് വ്യക്തിപോരിലേക്ക് നീങ്ങുന്നു. ഇതിന്റെ ആദ്യപടിയായിട്ടാണ് ഇന്നലെ നഗരത്തിലും ഡിസിസി ഓഫീസിനു മുന്നിലും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പുതിയ ഡിസിസി പ്രസിഡന്റാകാൻ സാധ്യതയുള്ളവർ എന്നിവർക്കെതിരേ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നയാൾ കഞ്ചാവ് കേന്ദ്രവും ചൂതാട്ട കേന്ദ്രവും നടത്തുന്നവനോ?, ഉമ്മൻ ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ? എന്നാണു പോസ്റ്ററിലുണ്ടായിരുന്നത്. സേവ് കോണ്‍ഗ്രസിന്റെ പേരിലാണു പോസ്റ്റർ പതിച്ചിരിക്കുന്നത്.
വർഷങ്ങളായി എ ഗ്രൂപ്പ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരുന്ന ജില്ലയിൽ നാളുകളായി നേതാക്കൾക്കിടയിൽ അസ്വാരസ്യം പുകയുകയാണ്. പുതിയ ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് കൂടി വന്നതോടെയാണ് ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നത്. ദിവസങ്ങൾ കഴിഞ്ഞതോടെ ഗ്രൂപ്പ് വഴക്ക് വ്യക്തിപരമായ അധിക്ഷേപത്തിലേക്കും നീങ്ങി.
ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന ഒരു നേതാവിനെതിരേ ദിവസങ്ങൾക്കു മുന്‍പ് ഓണ്‍ലൈൻ മാധ്യമത്തിലും സോഷ്യൽ മീഡിയയിലും ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ള വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നയാളുടെ പേരിലാണു കഞ്ചാവ് കടത്തും ചൂതാട്ട കേന്ദ്രവും നടത്തുന്നവനോ എന്ന ആരോപണവുമായി പോസ്റ്റർ ഇറക്കിയിരിക്കുന്നത്.
ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നവർക്ക് എതിരെയെല്ലാം പലവിധത്തിലുള്ള ആരോപണങ്ങളാണ് ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്.ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നല്കുന്ന എ ഗ്രൂപ്പിൽ പ്രവർത്തകരും നേതാക്കളും രണ്ടുതട്ടിലായി മാറിയിരിക്കുന്ന അവസ്ഥയാണ്.
കാലങ്ങളായി എ ഗ്രൂപ്പിന്റെ പക്കലുള്ള ഡിസിസി പ്രസിഡന്റ് സ്ഥാനം ഇത്തവണ ജോസഫ് വാഴയ്ക്കനെ മുൻനിർത്തി ഐ ഗ്രൂപ്പ് പിടിച്ചെടുക്കാൻ നോക്കിയെങ്കിലും അതിനു സാധിച്ചില്ല. ഉമ്മൻ ചാണ്ടിക്കൊപ്പം എ ഗ്രൂപ്പിൽ ഉറച്ചു നിന്നിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറച്ചുനാളായി അസ്വസ്ഥനാണ്.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നോമിനിയായി നാട്ടകം സുരേഷ് പ്രസിഡന്റാകാൻ രംഗത്തുണ്ട്. പ്രതിപക്ഷനേതാവ് സ്ഥാനത്തേക്കു പരിഗണിച്ച തിരുവഞ്ചൂരിനെ വെട്ടിയതു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്നാണെന്നും കോണ്‍ഗ്രസിൽ അടക്കം പറച്ചിലുണ്ടായിരുന്നു.
എ ഗ്രൂപ്പിൽ നിന്നുകൊണ്ടുതന്നെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ നേതൃത്വത്തിനൊപ്പമാണ്. കുറച്ചുനാളായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായും ചേർന്നുള്ള പ്രവർത്തനമാണു തിരുവഞ്ചൂർ നടത്തുന്നത്.
ഇതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ കെപിസിസി പ്രസിഡന്റിനു മുന്നിൽ നാട്ടകം സുരേഷിനെ ഡിസിസി പ്രസിഡന്റാക്കാൻ പിന്തുണയ്ക്കുകയും ചെയ്തു. നാട്ടകം സുരേഷ് എ ഗ്രൂപ്പിലാണെങ്കിലും നിലവിൽ തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ഏറെ അടുപ്പത്തിലാണ്. കാര്യങ്ങൾ ഇതുപോലെ സംഭവിച്ചാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ജില്ലയിലെ കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദമായി മാറാൻ സാധ്യതയുണ്ട്.