കോട്ടയം: കോണ്‍ഗ്രസിന്റെ പുനഃസംഘടന പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചകള്‍ ആരംഭിച്ചതോടെ ജില്ലയില്‍ ഡിസിസി നേതൃത്വം പിടിക്കാന്‍ ചരടുവലികള്‍ ശക്തമായി. സംസ്ഥാന തലത്തില്‍ അഞ്ചു ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ കെപിസിസി തലത്തില്‍ ധാരണയായതില്‍ കോട്ടയവുമുണ്ട്.
കോട്ടയത്തിനു പുറമേ ആലപ്പുഴ, ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം ഡിസിഡികളിലും പ്രസിഡന്റുമാര്‍ മാറും. കോട്ടയത്തെ ഡിസിസി പ്രസിഡന്റിനെ മാറ്റാന്‍ തത്വത്തില്‍ ധാരണയായതോടെ അധ്യക്ഷപദവിയിലേക്കുള്ള ചരടുവലികള്‍ ശക്തമായിരിക്കുകയാണ്.
എ ഗ്രൂപ്പിനും ഉമ്മന്‍ ചാണ്ടിക്കും സര്‍വാധിപത്യമുണ്ടായിരുന്ന ജില്ലയില്‍ ഇപ്പോള്‍ എ ഗ്രൂപ്പ് രണ്ടു തട്ടിലാണ്. കെപിസിസി അധ്യക്ഷനെ അനുകൂലിക്കുന്ന വിഭാഗവും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വിഭാഗവും ജില്ലയില്‍ ശക്തമാണ്. ഈ ഗ്രൂപ്പുകളെല്ലാം തങ്ങളുടെ ആളെ അധ്യക്ഷ സ്ഥാനത്ത് എത്തിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ക്രൈസ്തവ വിഭാഗത്തിനു നിര്‍ണായക ശക്തിയുള്ള ജില്ലയില്‍ ഈ വിഭാഗത്തില്‍നിന്നൊരാള്‍ പ്രസിഡന്റാകണമെന്ന അഭിപ്രായം കെപിസിസിക്കുമുണ്ട്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃത്വം നല്കുന്ന എ ഗ്രൂപ്പ് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്. കഴിഞ്ഞ തവണ അവസാന നിമിഷമാണ് ഫില്സനു സ്ഥാനം നഷ്ടമായത്. സമുദായ പ്രാതിനിത്യം പരിഗണിച്ചാല്‍ ഫിലിപ്പ് ജോസഫിന്റെ പേരാണ് ഐ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നത്.
മുതിര്‍ന്ന അംഗമെന്ന പരിഗണനയും ഫിലിപ്പിന് അനുകൂലമാണ്. കഴിഞ്ഞ പുനഃസംഘടനയില്‍ ഇടുക്കി ജില്ല ക്രൈസ്തവ വിഭാഗത്തിനു നല്കിയതിനാല് ഇത്തവണ കോട്ടയം ക്രൈസ്തവ വിഭാഗത്തിനു ലഭിക്കുമെന്നാണ് ഐ ഗ്രൂപ്പിന്റെ പ്രതീക്ഷ. കൂടാതെ ഐ ഗ്രൂപ്പിന്റെ കൈയിലുള്ള ആലപ്പുഴ കെ.സി. വേണുഗോപാല്‍ വിഭാഗത്തിനു നല്കി ഐ ഗ്രൂപ്പിനു കോട്ടയം നല്‍കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
വര്‍ഷങ്ങളായി എ ഗ്രൂപ്പ് കൈവശം വച്ചിക്കുന്ന ജില്ല ഇത്തവണ വിട്ടു നല്‍കണമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്. ഇടുക്കി ജില്ലയില്‍ അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ. സി.എസ്. അശോകന്, സേനാപതി വേണു എന്നീ നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ഡിസിസി സെക്രട്ടറി അഡ്വ. സിബി ചേനപ്പാടി, യൂജിന്‍ തോമസ്, അജീസ് ബെന്‍ മാത്യു തുടങ്ങിയവരുടെ പേരുകളും ചര്‍ച്ചകളില്‍ സജീവമാണ്. ഇവരിലൊരാള്‍ അപ്രതീക്ഷിതമായി പ്രസിഡന്റ് സ്ഥാനത്തെത്താനും സാധ്യതയുണ്ട്.