കോട്ടയം: ഡിസിസി ഓഫീസ് അക്രമണ കേസിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റു ചെയ്തു റിമാൻഡിലാക്കി. സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് പ്രതികൾ ഇന്നലെ രാവിലെ വെസ്റ്റ് പോലീസിലെത്തി കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ കമ്മറ്റി യോഗം കേസിൽ പ്രതികളായവരോട് കീഴടങ്ങാൻ നിർദേശിച്ചിരുന്നു.
അക്രമത്തെ ജില്ലാ കമ്മറ്റി ശക്തമായി അപലപിക്കുകയും അക്രമം നടത്തിയവർ എത്രയും വേഗം പോയി കീഴടങ്ങി നിയമ നടപടികൾക്കു വിധേയമാകുകയും ചെയ്യണമെന്നായിരുന്നു സിപിഎം ജില്ലാ കമ്മറ്റിയുടെ തീരുമാനം.
എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനം നടത്താൻ മാത്രമാണ് സിപിഎം നിർദേശം നൽകിയത്.
എന്നാൽ ഈ തീരുമാനം മറികടന്ന് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഡിസിസി ഓഫീസിനു നേരെ അക്രമണം ഉണ്ടാകുകയായിരുന്നു.
ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സിസിടിവി കാമറ തെളിവുമായി സിപിഎമ്മിനും ഡിവൈഎഫ്ഐയ്ക്കുമെതിരെ ശക്തമായി രംഗത്തു വരുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
പ്രതിഷേധ പരിപാടികളും നടത്തി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രവീണ്‍ തന്പി, ജോയിന്റ് സെക്രട്ടറി കെ.മിഥുൻ, വിഷ്ണു ഗോപാൽ, അരുണ്‍കുമാർ, വിഷ്ണു രാജേന്ദ്രൻ എന്നിവരാണ് ഇന്നലെ പോലീസിൽ കീഴടങ്ങിയത്.
ഇതിൽ കെ.മിഥുൻ കഴിഞ്ഞ ദിവസം തിരുനക്കരയിൽ നടന്ന യൂത്ത് കോണ്‍ഗ്രസ് മാർച്ചിനു നേരെ ആക്രമണം നടത്തിയ കേസിലും പ്രതിയാണ്.
കുമരകം സ്റ്റേഷനിൽ പോലീസുകാരന്റെ തൊപ്പിവച്ച് സെൽഫിയെടുത്ത് വിവാദത്തിലായ ആളാണ് മിഥുൻ.ഒന്നിനു പുലർച്ചെ നടന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളിൽ ഇവരെ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു.
ഡിസിസി ഓഫീസിന്റെ ജനൽചില്ലുകൾ തകർത്ത സംഘം ഓഫീസിനു നേരെ തീപ്പന്തം എറിയുകയും ചെയ്തു. കോണ്‍ഗ്രസ് പതാക നശിപ്പിക്കുകയും ചെയ്തിരുന്നു.
ഈ ദൃശ്യങ്ങൾ നെറ്റ് പട്രോളിംഗിലുണ്ടായിരുന്ന പോലീസും പകർത്തിയിരുന്നു. തെളിവുകൾ കൃത്യമായി ലഭിച്ചിട്ടും പ്രതികളെ പിടികൂടാത്തത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിനെത്തുടർന്നാണ് സിപിഎം നേതൃത്വം പ്രതികളെ കൈവിട്ടത്.