കോട്ടയം: ജില്ലയിലെ കോണ്ഗ്രസ് ബ്ലോക്ക് പുനഃസംഘടന 26നകം പൂര്ത്തീകരിക്കണമെന്ന് കെപിസിസി അന്ത്യശാസനം നല്കിയിരിക്കുന്നതിനിടയില് പാര്ട്ടിയില് വീണ്ടും ചേരിമാറ്റം. മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ നേതൃത്വത്തില് ജില്ലയില് ശക്തമായിരുന്ന എ ഗ്രൂപ്പ് ഉമ്മന് ചാണ്ടിയുടെ മരണശേഷം ഇപ്പോള് രണ്ടു ഗ്രൂപ്പാണ്. തിരുവഞ്ചൂര് രാധാകൃഷ്ണന് നേതൃത്വം നല്കുന്ന വിഭാഗവും കെ.സി. ജോസഫ് നേതൃത്വം നല്കുന്ന വിഭാഗവും.
രണ്ടു ഗ്രൂപ്പുകളും നേര്ക്കുനേര് പോരാട്ടത്തിലാണ്. ഇതിനിടയിലാണ് ഇപ്പോള് നിര്ണായക ചേരിമാറ്റമുണ്ടായിരിക്കുന്നത്. ഉമ്മന്ചാണ്ടിയുടെ പിന്തുണയില് ഡിസിസി പ്രസിഡന്റായ നാട്ടകം സുരേഷ് തുടക്കത്തില് ജില്ലയിലെ കോണ്ഗ്രസിനെ മികവുറ്റ രീതിയില് കൊണ്ടുപോകുന്നതിനുള്ള പ്രവര്ത്തനങ്ങള് നടത്തിയിരുന്നു. തുടര്ന്ന് തിരുവഞ്ചൂര് രാധാകൃഷ്ണനോടൊപ്പമുള്ള എ ഗ്രൂപ്പില് ചേര്ന്ന് നാട്ടകം സുരേഷ് ഉമ്മന്ചാണ്ടിയുടെ മരണത്തിനു തൊട്ടു മുമ്പ് തിരുവഞ്ചൂര് ഗ്രൂപ്പ് വിട്ട് കെ.സി. ജോസഫ് നേതൃത്വം നല്കുന്ന ഗ്രൂപ്പിലെത്തി.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും പാര്ലമെന്റ് തെരഞ്ഞെടുപ്പിലും ഈ ഗ്രൂപ്പില് നിന്നാണു പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കിയത്. തെരഞ്ഞെടുപ്പില് വിജയമുണ്ടായെങ്കിലും വിജയത്തിന്റെ ക്രെഡിറ്റ് ഡിസിസി പ്രസിഡന്റിനു ലഭിച്ചില്ല. പുതിയ ഡിസിസി ഓഫീസ് നിര്മാണവും ഉമ്മന്ചാണ്ടി ഫൗണ്ടേഷന് രൂപീകരണവുമായി ബന്ധപ്പെട്ട് കെ.സി. ജോസഫിന്റെ നേതൃത്വവുമായി അകന്ന നാട്ടകം സുരേഷ് ഇപ്പോള് വീണ്ടും തിരുവഞ്ചൂര് രാധാകൃഷ്ണന്റെ എ ഗ്രൂപ്പിലെത്തിയിരിക്കുകയാണ്.
ഇതിനിടയില് സംസ്ഥാനത്തെ 10 ഡിസിസി പ്രസിഡന്റുമാരെ മാറ്റുവാന് തീരുമാനിച്ചതില് കോട്ടയവുമുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനം നിലനിര്ത്തുന്നതിന്റെ ഭാഗമായിട്ടാണ് കെപിസിസി അച്ചടക്ക സമിതി ചെയര്മാന് കൂടിയായ തിരുവഞ്ചൂര് രാധാകൃഷ്ണന്റെ ഗ്രൂപ്പിലെത്തിയിരിക്കുന്നതെന്നാണ് സൂചന. അതേപോലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില് കോട്ടയം, ഏറ്റുമാനൂര് സീറ്റുകളിലൊന്നും നാട്ടകം സുരേഷ് നോട്ടമിടുന്നുണ്ട്.
കോട്ടയം മുനിസിപ്പാലിറ്റി മുന് ചെയര്മാന് എം.പി. സന്തോഷ്കുമാറിന്റെ നേതൃത്വത്തില് ഒരു വിഭാഗവും കെ.സി. ജോസഫിന്റെ എ ഗ്രൂപ്പ് വിട്ട് തിരുവഞ്ചൂര് ഗ്രൂപ്പിലെത്തിയിട്ടുണ്ട്. അടുത്ത മുനിസിപ്പല് തെരഞ്ഞെടുപ്പില് നഗരസഭ ചെയര്മാന് സ്ഥാനമാണ് സന്തോഷിന്റെ ഗ്രൂപ്പുമാറ്റത്തിനു പിന്നില്.
നാട്ടകം സുരേഷ് ഗ്രൂപ്പ് മാറിയതോടെ കെ.സി. ജോസഫ് നേതൃത്വം നല്കുന്ന എ ഗ്രൂപ്പ് സുരേഷിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കാനുള്ള കരുനീക്കങ്ങളും ആരംഭിച്ചു. ചാണ്ടി ഉമ്മന് എംഎല്എയെയാണ് ഇവര് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ബ്ലോക്ക് ഭാരവാഹി പുനഃസംഘടനയില് രണ്ട് എ ഗ്രൂപ്പുകളും പരമാവധി ഭാരവാഹികളെ തങ്ങള്ക്കൊപ്പം നിര്ത്താനുള്ള ശ്രമത്തിലാണ്. ബ്ലോക്ക് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പില് തിരുവഞ്ചൂര് എ ഗ്രൂപ്പ് നേട്ടമുണ്ടായിക്കിയിരുന്നു. എന്നാല് ഭാരവാഹികളുടെ തെരഞ്ഞെടുപ്പില് വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ നില്ക്കുകയാണ് കെ.സി. ജോസഫ് വിഭാഗം.
ഇതിനിടയില് ഐ ഗ്രൂപ്പ് തങ്ങള്ക്കുണ്ടായിരുന്ന സ്ഥാനങ്ങള് നഷ്ടപ്പെടുന്നതിനെതിരേ ശക്തമായി രംഗത്തുണ്ട്. എ ഗ്രൂപ്പ് രണ്ടായപ്പോള് തങ്ങള്ക്കുള്ള സ്ഥാനങ്ങള് നഷ്ടപ്പെട്ടെന്നാണ് ഐ വിഭാഗത്തിന്റെ പരാതി. ജോസഫ് വാഴയ്ക്കന്റെ നേതൃത്വത്തില് ഡിസിസി പിടിക്കുന്നതിനായി ഐ ഗ്രൂപ്പും രംഗത്തുണ്ട്. കെ.സി. വേണുഗോപാല് വിഭാഗത്തിന്റെ പിന്തുണയും ഐ ഗ്രൂപ്പിനാണ്.